പാലക്കാട് കോട്ടായിയിലെ ചെമ്പൈ ആസ്ഥാനം കലാഗ്രാമമായി ഒരുങ്ങുന്നു; തീരുമാനവുമായി മന്ത്രിമാരായ എകെ ബാലനും കടകംപള്ളിയും

മന്ത്രി എകെ ബാലന്റെ നിര്‍ദേശാനുസരണമാണ് പദ്ധതി നടപ്പാക്കുന്നത്.

പാലക്കാട്: സംഗീതകുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന പാലക്കാട്ടെ കോട്ടായിയിലെ ചെമ്പൈ ആസ്ഥാനം ഇനി കലാഗ്രാമമായി ഒരുക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് പഠിക്കാന്‍ വാപ്‌കോസ് സംഘത്തെ ചുമതലപ്പെടുത്തുമെന്നു മന്ത്രി കടകംപള്ളി യോഗത്തില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ചെമ്പൈ താമസിച്ച വീടിന്റെ നവീകരണവും ഒപ്പം മ്യൂസിയം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, തുടങ്ങിയ വിപുലമായ സംവിധാനങ്ങളുടെ നിര്‍മ്മാണവും നടക്കും. മന്ത്രി എകെ ബാലന്റെ നിര്‍ദേശാനുസരണമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള രണ്ടര ഏക്കര്‍ ഭൂമി പദ്ധതിക്കായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി കടകംപള്ളി അറിയിച്ചു. ഡിറ്റിപിസിക്കാണ് പദ്ധതി ചുമതല. നിര്‍മ്മാണശേഷം ചെമ്പൈ ട്രസ്റ്റിന് കൈമാറുമെന്നും മന്ത്രി എകെ ബാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സംഗീതകുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പേരില്‍ പാലക്കാട് കോട്ടായിയിലെ ചെമ്പൈ ആസ്ഥാനം കലാഗ്രാമമായി ഒരുക്കാന്‍ ധാരണയായി. മന്ത്രിമാരായ പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ നടത്തിപ്പ് പഠിക്കാന്‍ രണ്ടു ദിവസത്തിനകം വാപ്‌കോസ് സംഘത്തെ ചുമതലപ്പെടുത്തുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ സംഗീതഞ്ജന്‍ താമസിച്ച വീടിന്റെ നവീകരണം, മ്യൂസിയം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഒരുങ്ങുക. ചെമ്പൈ ഗ്രാമത്തില്‍ മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള രണ്ടര ഏക്കര്‍ ഭൂമി പദ്ധതിക്കായി വിട്ടുനല്‍കാന്‍ ആവശ്യപ്പെടാനും ദേവസ്വം മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു. ഡി.റ്റി.പി.സിക്കാണ് പദ്ധതി ചുമതല. തുടര്‍ന്ന് ചെമ്പൈ ട്രസ്റ്റിന് കൈമാറും. മന്ത്രി എ.കെ ബാലന്റെ നിര്‍ദേശാനുസരണമാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രിമാര്‍ ചെമ്പൈ പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തി.

Exit mobile version