തൃശ്ശൂരിലെ ക്വാറി മാഫിയകളെ കിടുകിടെ വിറപ്പിച്ച സബ്കളക്ടര്‍ രേണു രാജ് ഇനി മൂന്നാര്‍ ശുദ്ധീകരിക്കും! പുതിയ ദേവികുളം സബ്കളക്ടറില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

മൂന്നാര്‍: തൃശ്ശൂരില്‍ നിന്നും സ്ഥലംമാറ്റം വാങ്ങി ഡോ. രേണു രാജ് ഐഎഎസ് ഇനി ദേവികുളത്തിന്റെ പുതിയ സബ്കളക്ടറായി ചുമതലയേല്‍ക്കും. വിആര്‍ പ്രേംകുമാര്‍ ഐഎഎസിന്റെ പിന്‍ഗാമിയായാണ് രേണു ഇടുക്കിയിലേക്ക് ചേക്കേറുന്നത്.

ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യവും പരിസ്ഥിതി പ്രാധാന്യവുമുള്ള ദേവികുളത്തേക്ക് സബ്കളക്ടറായി എത്തുമ്പോള്‍ രേണുവിനെ കാത്തിരിക്കുന്നതെന്തൊക്കെയാണ് എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14 സബ്കളക്ടര്‍മാരാണ് ദേവികുളത്ത് വന്നുപോയത്. രാഷ്ട്രീയ ഇടപെടലിന് പിന്നാലെയാണ് നിലവിലെ സബ്കളക്ടര്‍ വിആര്‍ പ്രേംകുമാറിന്റെ സ്ഥാനം തെറിച്ചത്. പിന്നാലെയാണ് തൃശ്ശൂര്‍ സബ് കളക്ടറായി ജോലി നോക്കുന്ന ഡോ.രേണു രാജ് എത്തുന്നത്.

ദേവികുളത്ത് 2010 മുതല്‍ ഇന്നു വരെയുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ അഞ്ചു ദിവസം മുതല്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് പല കളക്ടര്‍മാരും ജോലി ചെയ്തിട്ടുള്ളത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കസേര തെറിക്കുമെന്ന് ഉറപ്പാണ്. അനീതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ സ്ഥലം മാറ്റുന്നതാണ് ചരിത്രം. അതിനാല്‍ തന്നെ തൃശ്ശൂര്‍ സബ്കളക്ടറായ ഡോ. രേണുവിനും ദേവികുളത്ത് ഒട്ടേറം പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നേക്കാം.

ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിര്‍മ്മാണവും വ്യാപകമായ ദേവികുളത്ത് ഔദ്യോഗിക കൃത്യനിര്‍വ്വഹണം ഏറെ കഠിനം തന്നെയാണ്. ഇതിനെ രേണു മറികടക്കുമോ എന്നാണ് ഇനി ആളുകള്‍ക്ക് അറിയേണ്ടത്. നിയമപാലനത്തിനായി പുതിയ കളക്ടറില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ജനങ്ങള്‍.

രാഷ്ട്രീയക്കാരോട് കൊമ്പു കോര്‍ക്കേണ്ടി വന്നതിന്റെ പേരില്‍ വെറും മൂന്നു മാസം ജോലി ചെയ്യാനേ 2010 ജൂണ്‍ 23നു ചുമതലയേറ്റ എ ഷിബുവിനായുള്ളൂ. തുടര്‍ന്ന് എം ജി രാജമാണിക്യത്തിന് ചാര്‍ജ് ഏറ്റെടുക്കേണ്ടി വന്നു. രാജമാണിക്യം ഒന്നര വര്‍ഷം സബ് കളക്ടറായി ജോലി നോക്കി. എന്നാല്‍ 2012 ഏപ്രില്‍ 25ന് രാജമാണിക്യം സ്ഥാനം ഒഴിഞ്ഞപ്പോള്‍ താത്ക്കാലിക ചുമതലയുമായി കൊച്ചുറാണി സേവ്യര്‍ എത്തി. തുടര്‍ന്ന് എസ് വെങ്കിടേശപതി, കെഎന്‍ രവീന്ദ്രന്‍, മധു ഗംഗാധര്‍, ഇസി സ്‌കറിയ, ഡി രാജന്‍ സഹായ്, ജിആര്‍ ഗോകുല്‍, എസ് രാജീവ്, സാബിന്‍ സമീദ്, എന്‍ടിഎല്‍ റെഡ്ഡി, ശ്രീറാം വെങ്കട്ടരാമന്‍, വിആര്‍ പ്രേംകുമാര്‍ എന്നിവരാണു പിന്നാലെ സബ് കളക്ടര്‍മാരായി ചുമതലയേറ്റത്.

വെറും അഞ്ചു ദിവസം മാത്രം ദേവികുളം സബ് കളക്ടര്‍ പദവിയിരുന്നത് ഇസി സ്‌കറിയ ആണ്. ഒരു വര്‍ഷവും രണ്ടു മാസവും സബ് കളക്ടറായി ജിആര്‍ ഗോകുല്‍ സേവനമനുഷ്ഠിച്ചു. ഗോകുള്‍ പിന്നീട് ഇടുക്കി ജില്ലാ കളക്ടറായി ചാര്‍ജെടുത്തു. എസ് രാജീവ് രണ്ടു മാസവും, കെഎന്‍ രവീന്ദ്രന്‍, എന്‍ടിഎല്‍. റെഡ്ഡി എന്നിവര്‍ ഒരു മാസം വീതവും സബ് കളക്ടറായിരുന്നു.

എന്നാല്‍ പിന്നീട് വന്ന ശ്രീറാം വെങ്കട്ടരാമന്‍ ശക്തമായ നടപടികളെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞതോടെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ ശ്രീറാമിനെതിരേ തിരിയുകയും വൈകാതെ സ്ഥാനം തെറിക്കുകയുമായിരുന്നു.

എംപ്ലോയ്‌മെന്റ് ഡയറക്ടറായി ശ്രീറാം സ്ഥലം മാറിപ്പോയപ്പോള്‍ 2017 ജൂലൈയില്‍ പ്രേം കുമാര്‍ സബ് കളക്ടറായി ചുമതലയേറ്റു. ശ്രീറാം പോയതിന്റെ ആശ്വസത്തില്‍ നിന്ന രാഷ്ട്രീയക്കാര്‍ക്ക് മേല്‍ പതിച്ച വെള്ളിടിയായിരുന്നു പ്രേംകുമാര്‍. ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ഇദ്ദേഹം ശക്തമായ നടപടിയാണ് സ്വീകരിച്ചത്. തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് പ്രേംകുമാറിനെ ഒടുവില്‍ ദേവികുളം സബ് കളക്ടര്‍ പദവിയില്‍ നിന്ന് ഇപ്പോള്‍ മാറ്റുകയും ചെയ്തു.

ഒരു വര്‍ഷവും മൂന്നുമാസവും ഭൂമാഫിയയ്‌ക്കെതിരെ പോരാടിയ പ്രേംകുമാര്‍ മൂന്നാര്‍ ഇറങ്ങിയിരിക്കുകയാണ് ഒടുവില്‍. ഈ സ്ഥാനത്തേക്ക് ഇപ്പോള്‍ തൃശൂര്‍ സബ് കളക്ടറായി ജോലി നോക്കുന്ന ഡോ. രേണുരാജിനെയാണ് നിയമിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ രേണു 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു ആദ്യചാന്‍സില്‍ തന്നെ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായി.

തൃശൂരില്‍ ക്വാറി മാഫിയയോട് പൊരുതി കൈയടിനേടിയ ശേഷമാണ് ഡോ. രേണു ദേവികുളത്തേക്ക് വരുന്നത്. അതേസമയം ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ് കളക്ടര്‍ എന്ന പദവിയും രേണുവിനു തന്നെ. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ച ശേഷമാണ് ഡോ.രേണു ദേവികുളത്ത് എത്തുന്നത്.

Exit mobile version