മൊബൈല്‍ഫോണ്‍ നഷ്ടമായാല്‍ വിഷമിക്കേണ്ട, കണ്ടെത്താന്‍ വഴിയുണ്ട്

കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) എന്ന പേരിലുള്ള പട്ടിക ഉടന്‍ പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ മോഷണം പതിവ് കഥയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കള്ളന്മാരെ കുടുക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി കേന്ദ്ര ടെലികോംവകുപ്പ്. ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്പറായ ഐഎംഇഐ നമ്പറുകളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു.

കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) എന്ന പേരിലുള്ള പട്ടിക ഉടന്‍ പ്രാബല്യത്തില്‍ വരും. മൂന്നുവിഭാഗങ്ങളിലായാണ് ഐഎംഇഐ നമ്പറുകളെ പട്ടികയിലുള്‍പ്പെടുത്തുക. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെയാണവ. ‘ബ്ലാക്ക്’ വിഭാഗത്തില്‍ മോഷണം പോയതും നഷ്ടപ്പെട്ടവയുമായ മൊബൈലുകളുടെ ഐഎംഇഐ നമ്പറുകളാണുണ്ടാവുക.

യഥാര്‍ഥമാണെന്നു സ്ഥിരീകരിക്കാത്ത ഐഎംഇഐ നമ്പറുകളാണ് ‘ഗ്രേ’ വിഭാഗത്തിലുണ്ടാവുക. ‘വെള്ള’യില്‍ ഉപയോഗത്തിലുള്ളവയുടെ നമ്പറുകളും ഉണ്ടാവും. പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടവര്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയശേഷം സഹായനമ്പറിലൂടെ ടെലികോംവകുപ്പിനെ വിവരമറിയിക്കണം.

ഇതിനൊപ്പം ഫോണ്‍ മോഷ്ടിക്കപ്പെട്ടതിന്റെ തെളിവായി പോലീസില്‍ നിന്നുള്ള റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യണം. ആവശ്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ ടെലികോംവകുപ്പ് ഫോണിന്റെ ഐഎംഇഐ നമ്പറിനെ കരിമ്പട്ടികയില്‍പ്പെടുത്തും. ഇതോടെ മോഷണംപോയ മൊബൈല്‍ ഫോണില്‍ നിന്ന് ആശയവിനിമയം സാധ്യമാകില്ല.2017 ജൂലായിലാണ് ടെലികോംവകുപ്പ് ഐഎംഇഐ നമ്പറുടെ പട്ടിക തയ്യാറാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.

Exit mobile version