ബാലഭാസ്‌ക്കറിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഇന്ന് പൊളിച്ചു പരിശോധിക്കും

അപകടത്തെ കുറിച്ച് ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ കാര്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് വിദഗ്ധരുടെ നേതൃത്വത്തില്‍ പൊളിച്ച് പരിശോധിക്കും. ബാലഭാസ്‌ക്കറിന്റെ അപകടത്തില്‍പ്പെട്ട കാറും സ്ഥലവും വിവിധ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതേസമയം കഴിഞ്ഞ ദിവസം ഫോറന്‍സിക് സംഘം വാഹനം പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

അപകടത്തെ കുറിച്ച് ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. വാഹനാപകടം എങ്ങനെ സംഭവിച്ചുവെന്ന് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ സ്ഥിരീകരിക്കാനാവുമോ എന്ന ശ്രമമാണ് ഇന്നത്തെ സംയുക്ത പരിശോധനയിലൂടെ ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. ഫോറന്‍സിക് സംഘം, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, കാര്‍ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.

അപകടം സംഭവിക്കുമ്പോള്‍ കാര്‍ ഓടിച്ചത് അര്‍ജുന്‍ ആണെന്നാണ് ഭൂരിഭാഗം സാക്ഷികളും മൊഴി നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സ്ഥിരീകരിക്കാന്‍ ഇന്നത്തെ ശാസ്ത്രീയ പരിശോധന സഹായിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതുകൊണ്ട് തന്നെ വണ്ടിയുടെ സീറ്റ് ബെല്‍റ്റടക്കം അഴിച്ചെടുത്തു പരിശോധിക്കും. സ്വാഭാവിക അപടമാണോ എന്ന കാര്യത്തിലും സംയുക്ത പരിശോധനയിലൂടെ സ്ഥിരീകരിക്കാന്‍ സാധിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

അതേസമയം വാഹനം ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതിനാല്‍ വെയിലത്തും മഴയത്തും കിടന്ന് തെളിവുകള്‍ പലതും പൂര്‍ണ്ണമായ രീതിയില്‍ കിട്ടാത്ത അവസ്ഥയാണുള്ളതെന്നും ക്രൈംബ്രാഞ്ച് സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും ഇന്നത്തെ സംയുക്തമായ പരിശോധനയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈബ്രാഞ്ച് സംഘം.

Exit mobile version