സൗമ്യയോട് അജാസ് അടുത്തത് പോലീസ് അക്കാദമിയിലെ പരിശീലന കാലത്ത്; സൗഹൃദം ഉലഞ്ഞതോടെ കൊലപാതകവും; ഇരുവരുടേയും ഫോണ്‍ പരിശോധിക്കാന്‍ ഒരുങ്ങി പോലീസ്

സൗമ്യ ഉള്‍പ്പെടുന്ന ബാച്ചിന്റെ പരിശീലകന്‍ കൂടിയായിരുന്നു അന്ന് അവിടെ ഹവില്‍ദാറായിരുന്ന അജാസ്.

വള്ളികുന്നം: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്ക് നാലുവര്‍ഷം മുമ്പ് പരിശീലനത്തിനെത്തിയ സൗമ്യയെ അജാസ് പരിചയപ്പെടുന്നത് ഈ കാലയളവിലാണ്. സൗമ്യ ഉള്‍പ്പെടുന്ന ബാച്ചിന്റെ പരിശീലകന്‍ കൂടിയായിരുന്നു അന്ന് അവിടെ ഹവില്‍ദാറായിരുന്ന അജാസ്. ഈ സൗഹൃദം പരിശീലനകാലം കഴിഞ്ഞതിനു ശേഷം ഇരുവരും സൂക്ഷിച്ചിരിക്കാം എന്നാണ് സഹപ്രവത്തകര്‍ സൂചിപ്പിക്കുന്നത്. ഏറെ അടുപ്പത്തിലായിരുന്ന ഇരുവരുടേയും സൗഹൃദം ഉലഞ്ഞതോടെ അജാസ് സൗമ്യയെ ഇല്ലാതാക്കാന്‍ തന്നെ തീരുമാനിക്കികയായിരുന്നു.

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സൗമ്യയെ നിരന്തരം ഫോണ്‍ ചെയ്ത് ബുദ്ധിമുട്ടിച്ചിരുന്നതായി കൊലപാതക വിവരമറിഞ്ഞ് വീട്ടിലെത്തിയവരോട് ബന്ധുക്കള്‍ പറഞ്ഞു. ഇത് പ്രതിയാകാമെന്നാണ് സംശയം. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

സൗമ്യയുടെയും അജാസിന്റെയും മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിക്കും. സംഭവത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പോലീസ് അക്കാദമിയില്‍ സൗമ്യയ്ക്കൊപ്പം പരിശീലനം നേടിയവരില്‍നിന്ന് മൊഴിയെടുക്കാനും സാധ്യതയുണ്ട്.

പരിശീലനം പൂര്‍ത്തിയാക്കിയ സൗമ്യയ്ക്ക് വള്ളികുന്നം സ്റ്റേഷനില്‍ നിയമനം കിട്ടി. അജാസ് പിന്നീട് ആലുവ ട്രാഫിക്കിലേക്കും പോയി. തുടര്‍ന്ന് ഇവരുടെ സൗഹൃദത്തെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും അറിവില്ല. ഏല്‍പ്പിക്കുന്ന ജോലികളെല്ലാം ആത്മാര്‍ത്ഥതയോടെ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്നു സൗമ്യയെന്നാണ് മേലുദ്യോഗസ്ഥരെല്ലാം പറയുന്നത്. സ്‌റ്റേഷനിലെത്തുന്നവരോടും മാന്യമായ പെരുമാറ്റം. എന്നിട്ടും സൗമ്യയ്ക്ക് എങ്ങനെ ഈ അപകടം സംഭവിച്ചുവെന്നാണ് എല്ലാവര്‍ക്കും പരസ്പരം ചോദിക്കാനുള്ളത്.

കൊലപാതകത്തില്‍ കലാശിക്കത്തക്ക വിധത്തിലെ തര്‍ക്കം ഇവര്‍ തമ്മിലുണ്ടായിരിന്നിരിക്കാം എന്നതാണ് പ്രാഥമിക നിഗമനം. സൗമ്യയുടെ മരണം തന്നെയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്. സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയതിനു പിന്നാലെ ക്രൂരമായി വെട്ടിവീഴ്ത്തുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ച് മരണം ഉറപ്പാക്കുകകൂടി ചെയ്തത് അത് വ്യക്തമാക്കുന്നതാണ്. അജാസ് കൊലപാതകം നടത്തിയത് ഞെട്ടലോടെയാണ് വീട്ടുകാരും നാട്ടുകാരും കാണുന്നത്. അവിവാഹിതനായ അജാസ് വിവാഹക്കാര്യം പറയുമ്പോള്‍ ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് ബന്ധുക്കള്‍ പറയുന്നു.

Exit mobile version