ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകല്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമം; മോഷ്ടാവ് പിടിയില്‍

സിസിടിവി ക്യാമറ പേപ്പര്‍ ഉപയോഗിച്ച് മറച്ച ശേഷമായിരുന്നു മോഷണ ശ്രമം

ആലപ്പുഴ: ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകല്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിലാണ് സംഭവം. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. സിസിടിവി ക്യാമറ പേപ്പര്‍ ഉപയോഗിച്ച് മറച്ച ശേഷമായിരുന്നു മോഷണ ശ്രമം.

എടിഎം മെക്കാനിക് ആണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു മോഷണശ്രമം. ഉളിയും ചുറ്റികയുമെടുത്ത് എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് അടുത്തുള്ള വ്യാപാരികള്‍ ഇതിനടുത്തേക്ക് വന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ എടിഎം മെക്കാനിക് ആണെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ ഇതില്‍ സംശയം തോന്നിയ വ്യാപാരികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് ശ്രീകുമാറിനെ പിടികൂടി ചോദ്യംചെയ്തു. തനിക്കൊപ്പം മറ്റ് ചിലര്‍ കൂടി ഉണ്ടെന്നും കേടായ എംടിഎം ശരിയാക്കാന്‍ ബാങ്ക് ചുമതലപ്പെടുത്തിയതാണെന്നുമാണ് ആദ്യം ഇയാള്‍ പറഞ്ഞത്. പിന്നീട് പരസ്പരവിരുദ്ധമായ മൊഴികള്‍ നല്കിയതതോടെ മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പോലീസിനു സംശയം തോന്നി. മോഷണക്കുറ്റം ചുമത്തി കേസെടുത്ത പോലീസ്, പ്രതിയെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version