മരം വീഴുന്നത് കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങി; തൊട്ടുപിന്നാലെ വൈദ്യുതി പോസ്റ്റ് വീണ് വാഹനം തരിപ്പണമായി; സയ്യാദ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ഓട്ടോറിക്ഷയുടെ മുകളില്‍ വൈദ്യുതക്കാലും കമ്പികളും വീണു വാഹനം തകര്‍ന്നു കഴിഞ്ഞിരുന്നു.

വണ്ടൂര്‍: കനത്ത മഴയും കാറ്റും വീശിയടിച്ചതോടെ മരങ്ങള്‍ വീഴുന്നതുകണ്ട് ഓട്ടോറിക്ഷ നിര്‍ത്തി പുറത്തിറങ്ങി ഓടിയ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഴയവാണിയമ്പലം പൊത്തന്‍കോടന്‍ സയ്യാദ് (27) എന്ന ഓട്ടോ ഡ്രൈവറാണ് വാഹനത്തില്‍ നിന്നും ഇറങ്ങിയതുകാരണം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ഷാരിയില്‍ ബന്ധുവിന്റെ കടയുടെ സമീപം നിര്‍ത്തി പുറത്തിറങ്ങി ഓടിയപ്പോഴേക്കും ഓട്ടോറിക്ഷയുടെ മുകളില്‍ വൈദ്യുതക്കാലും കമ്പികളും വീണു വാഹനം തകര്‍ന്നു കഴിഞ്ഞിരുന്നു. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

പഴയവാണിയമ്പലം ശാസ്ത്രാംപൊയിലിലെ വീട്ടില്‍ നിന്നു വണ്ടൂരിലേക്കു പോകുകയായിരുന്നു സയ്യാദ്. കനത്ത മഴയോടൊപ്പം കാറ്റു വീശിയടിച്ചപ്പോള്‍ തൊട്ടുപിറകില്‍ മരങ്ങള്‍ വീഴുന്നതു കണ്ടാണ് ഓട്ടോറിക്ഷ നിര്‍ത്തി പുറത്തിറങ്ങി ഓടിയത്. ആ നിമിഷം തന്നെ മരങ്ങളോടൊപ്പം വൈദ്യുതക്കാല്‍ സയ്യാദിന്റെ ഓട്ടോറിക്ഷയുടെ മുകളില്‍ പതിച്ചു. ഷാരിയില്‍ സയ്യാദിന്റെ ബന്ധു പൊത്തന്‍കോടന്‍ നാണി നടത്തുന്ന കടയുടെ തൊട്ടുമുന്നിലായിരുന്നു അപകടം. ഉപജീവനമാര്‍ഗമായ വാഹനം തകര്‍ന്നെങ്കിലും സമയോചിതമായ പ്രവര്‍ത്തിയിലൂടെ ജീവന്‍ രക്ഷപ്പെട്ട ആശ്വാസത്തിലാണ് സയ്യാദ്.

Exit mobile version