ഐടി ഭൂപടത്തില്‍ കേരളത്തിന് ശക്തമായ സ്ഥാനം!11,000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കി ലുലു സൈബര്‍ ടവര്‍ നാളെ തുറക്കുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ 400 കോടി രൂപ നിക്ഷേപത്തോടെ പ്രകൃതിസൗഹാര്‍ദ്ദമായി ഒരുക്കിയിരിക്കുന്ന 'ലുലു സൈബര്‍ ടവര്‍-2' നാളെ ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കൊച്ചി: കേരളത്തിന് അഭിമാനമായി സൈബര്‍ പാര്‍ക്ക് നാളെ തുറക്കുന്നു. 11,000 പേര്‍ക്ക് ജോലി ഉറപ്പാക്കി കൊണ്ടുള്ള ലുലു ഗ്രൂപ്പ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ 400 കോടി രൂപ നിക്ഷേപത്തോടെ പ്രകൃതിസൗഹാര്‍ദ്ദമായി ഒരുക്കിയിരിക്കുന്ന ‘ലുലു സൈബര്‍ ടവര്‍-2’ നാളെ ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ലോക ഐടി ഭൂപടത്തില്‍ കേരളത്തിന് മുന്‍നിരസ്ഥാനം നല്‍കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ കേന്ദ്ര ഐടി സഹമന്ത്രി എസ്എസ് അലുവാലിയ അദ്ധ്യക്ഷത വഹിക്കും. എംപിമാരായ കെവി തോമസ്, വി മുരളീധരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി സ്വാഗതം പറയും.

എംഎല്‍എമാരായ പിടി തോമസ്, വികെ ഇബ്രാഹിംകുഞ്ഞ്, എല്‍ദോ എബ്രഹാം, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എംടി ഓമന, സംസ്ഥാന ഐടി പാര്‍ക്ക്സ് സിഇഒ ഋഷികേശ് നായര്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്റഫ് അലി എന്നിവര്‍ സംസാരിക്കും.

ലുലു സൈബര്‍ ടവര്‍-2വിന്റെ സവിശേഷതകള്‍:

* ഇന്‍ഫോപാര്‍ക്കിലെ ഏറ്റവും വലിയമന്ദിരം. ഉയരം 75 മീറ്റര്‍. 20 നിലകള്‍.

* മൊത്തം 15 ലക്ഷം ചതുരശ്ര അടി. ഒമ്പത് ലക്ഷം അടി (11 നിലകള്‍) ഐ.ടി ഓഫീസുകള്‍ക്ക്

* ആദ്യ എട്ട് നിലകള്‍ (അഞ്ച് ലക്ഷം ചതുരശ്ര അടി) പൂര്‍ണമായും കാര്‍ പാര്‍ക്കിംഗിന്

* ഒരേസമയം 1,400 കാറുകള്‍ പാര്‍ക്ക് ചെയ്യാം

* ഒരുലക്ഷം ചതുരശ്ര അടിയില്‍ ഫുഡ് കോര്‍ട്ട്, റെസ്റ്റോറന്റുകള്‍, ജിം, യോഗ റൂം, ഓഡിറ്റോറിയം തുടങ്ങിയവ.

* ഫുഡ് കോര്‍ട്ടില്‍ ഒരേസമയം 900 പേര്‍ക്കിരിക്കാം.

* സിനിമാ തിയേറ്ററുകളോട് കിടപിടിക്കുന്ന ഓഡിയോ-വീഡിയോ സംവിധാനമുള്ള ഓഡിറ്രോറിയത്തില്‍ 350 പേര്‍ക്കിരിക്കാം.

സൗകര്യത്തിലും സുരക്ഷയിലും മുന്‍നിരയില്‍

അതിവിശാലമാണ് ലുലു സൈബര്‍ ടവര്‍-2ലെ ആഗോള വിലവാരമുള്ള ആട്രിയം. 25 സെക്കന്‍ഡിനകം 20 നിലകളും താണ്ടുന്ന 16 ഹൈസ്പീഡ് ലിഫ്റ്റുകള്‍, രണ്ടു സര്‍വീസ് ലിഫ്റ്റുകള്‍, ഓരോ ഫ്‌ളോറിലും നാലുവീതം ഫയര്‍ എക്സിറ്റ്, ഭിന്നശേഷിക്കാര്‍ക്കും റെസ്റ്റ് റൂം, സുരക്ഷയ്ക്കായി 400 സി.സി.ടി.വി കാമറകള്‍, ചൂട് നിയന്ത്രിച്ച്, എ.സിയുടെ ഊര്‍ജ്ജക്ഷമത 30 ശതമാനം വരെ ലാഭിക്കുന്ന ഡബിള്‍ ഗ്‌ളേസ്ഡ് ഇന്‍സുലേറ്റിംഗ് ഗ്‌ളാസ്, ഹെലിപ്പാഡ് തുടങ്ങിയവയും മികവുകള്‍.

ആഗോള കമ്പനികള്‍ കേരളത്തിലേക്ക്

രണ്ട് മുന്‍നിര അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ ലുലു സൈബര്‍ ടവര്‍-2ല്‍ പ്രവര്‍ത്തന താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് എംഎ.യൂസഫലി പറഞ്ഞു. 40 ശതമാനം ഐ.ടി സ്പേസ് ഇതിനകം വിവിധ കമ്പനികള്‍ ഉറപ്പിച്ചു. ഒന്നര വര്‍ഷത്തിനകം ഐടി സ്പേസ് പൂര്‍ണമായും ഉള്‍ക്കൊള്ളപ്പെടും. 11,000 മുതല്‍ 15,000 പേര്‍ക്ക് തൊഴിലും ലഭിക്കും. റോബോട്ടിക്സ്, എഐ, ബ്‌ളോക്ക് ചെയിന്‍ തുടങ്ങിയ മേഖലകളിലെ ആഗോള കമ്ബനികളെയാണ് പ്രതീക്ഷിക്കുന്നത്.

സ്മാര്‍ട് സിറ്റിയില്‍ ഇരട്ട മന്ദിരം; മൊത്തം ഐടി നിക്ഷേപം 2,400 കോടി

ഐടി ആവശ്യങ്ങള്‍ക്കായി 2,400 കോടി രൂപ നിക്ഷേപത്തോടെ 50 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ലുലു ഗ്രൂപ്പ് കൊച്ചിയില്‍ ഒരുക്കുന്നതെന്ന് എംഎ യൂസഫലി പറഞ്ഞു. ലുലു സൈബര്‍ ടവര്‍-1, സൈബര്‍ ടവര്‍-2 എന്നിവയിലായി 15 ലക്ഷം ചതുരശ്ര അടി പ്രവര്‍ത്തനസജ്ജമായി. കൊച്ചി സ്മാര്‍ട് സിറ്റിയില്‍ രണ്ടു മന്ദിരങ്ങള്‍ നിര്‍മ്മിക്കും. 2021ല്‍ ഇത് പ്രവര്‍ത്തസജ്ജമാകും. കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സുഖമായി ജോലി ചെയ്യാനാകും വിധമാണ് ഈ മന്ദിരങ്ങള്‍ നിര്‍മ്മിക്കുക. ഇവിടെ കുട്ടികള്‍ക്ക് കളിസ്ഥലമുണ്ടാകും. ശിശുരോഗ വിദഗ്ദ്ധന്‍, ആയമാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും.

ലക്ഷ്യം കേരളത്തിന്റെ മുന്നേറ്റം

ഇന്ത്യയെ ഔട്ട്സോഴ്സിംഗ് ഹബ്ബാക്കി മാറ്റണമെങ്കില്‍ ഇവിടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുണ്ടാകണമെന്ന് എംഎ യൂസഫലി പറഞ്ഞു. ”അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഐടി മന്ദിരങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അതിനേക്കാള്‍ മികച്ച സൗകര്യം ലുലു സൈബര്‍ ടവറില്‍ വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലെത്താന്‍ കേരളത്തിന് കഴിയണം. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവ കൊച്ചിയിലാണ്. ഐടിയിലും കൊച്ചിയും കേരളവും മുന്നിലെത്തണം’, യൂസഫലി പറഞ്ഞു.

”വിദ്യാസമ്പന്നരായ യുവാക്കളാണ് നമ്മുടെ സമ്പത്ത്. അവര്‍ക്ക് സുരക്ഷിതവും വലിയ ശമ്ബളവുമൊക്കെയുള്ള തൊഴില്‍ സൗകര്യം ഒരുക്കേണ്ടത് നമ്മുടെ ദൗത്യമാണ്. അത്, സര്‍ക്കാരിന്റെ മാത്രം കടമയല്ല. ബിസിനസ് സംരംഭകര്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ സഹകരണവും വേണം. യുവാക്കള്‍ നാടുംവീടും വിട്ട് അന്യനാട്ടില്‍ തൊഴില്‍ തേടിപ്പോകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അതുവഴി സാധിക്കും’ -ലുലു ഗ്രൂപ്പ്
ചെയര്‍മാന്‍ എംഎ യൂസഫലി പറയുന്നു.

ലുലു ഗ്രൂപ്പ് കൂടുതല്‍ രാജ്യങ്ങളിലേക്ക്

22 രാജ്യങ്ങളിലായി 154 ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും നിലവില്‍ ലുലുൂ ഗ്രൂപ്പിനുണ്ട്. അള്‍ജീരിയ, ടുണീസ്, മൊറോക്കോ എന്നിവിടങ്ങളിലേക്കും വൈകാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ലുലു സൈബര്‍ ടവര്‍-1

ഇന്‍ഫോപാര്‍ക്കില്‍ ലുലു സൈബര്‍ ടവര്‍-1ന് സമീപത്തായാണ് ലുലു സൈബര്‍ ടവര്‍-2 ഉയര്‍ന്നിരിക്കുന്നത്. ഇന്‍ഫോപാര്‍ക്കിലെ ‘തേജോമയി’ മന്ദിരം ഏറ്റെടുത്താണ് ലുലു ഐടി രംഗത്തേക്ക് ചുവടുവച്ചത്. തേജോമയിയാണ് പിന്നീട് ലുലു സൈബര്‍ ടവര്‍-1 ആയത്. പത്തു നിലകളുള്ള ടവര്‍-1ല്‍ 20 ഐടി കമ്ബനികളിലായി 5,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഫുഡ് കോര്‍ട്ട്, ബാങ്കുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, 400 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

Exit mobile version