ഉല്ലാസയാത്ര പോയ സുഹൃത്തുക്കള്‍ മരിച്ചതായി വ്യാജ പ്രചാരണം; ആദരാഞ്ജലി നേര്‍ന്ന് സോഷ്യല്‍ മീഡിയ; പരാതി

പെരുന്നാള്‍ ആഘോഷിക്കാന്‍ ഊട്ടിയിലേക്ക് യാത്ര പോയതായിരുന്നു ഇവര്‍

മമ്പാട്: ഉല്ലാസയാത്ര പോയ സുഹൃത്തുക്കള്‍ മരിച്ചതായി വ്യാജപ്രചാരണം. കഴിഞ്ഞ ദിവസം പാലക്കാട് ഉണ്ടായ ആംബുലന്‍സ് അപകടത്തില്‍ കൊല്ലപ്പെട്ടവരെന്ന വ്യാജേനയാണ് യുവാക്കളുടെ ഗ്രൂപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം യുവാക്കള്‍ക്ക് ആദരാഞ്ജലിയും നേര്‍ന്നു. സംഭവത്തെ തുടര്‍ന്ന് യുവാക്കള്‍ പോലീസില്‍ പരാതി നല്‍കി.

പെരുന്നാള്‍ ആഘോഷിക്കാന്‍ ഊട്ടിയിലേക്ക് യാത്ര പോയതായിരുന്നു ഇവര്‍. മമ്പാട് സ്വദേശികളായ അജ്‌നാസ് നടുവക്കാട്, പട്ടാമ്പി ജംഷീര്‍ തൃക്കൈകുത്ത്, ജംഷിദ് കൂളിക്കല്‍, ആസിഫ് ഓടായിക്കല്‍, അഫ് ലു എടക്കര എന്നിവരുടെ ഫോട്ടോയാണ് അപകടത്തില്‍ മരണപ്പെട്ടവര്‍ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അപകട വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി ഇവരുടെ പടം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നെങ്കിലും യുവാക്കള്‍ കാര്യമായി എടുത്തിരുന്നില്ല. പിന്നീട് ഞായറാഴ്ച പാലക്കാട് നടന്ന അപകടത്തെ തുടര്‍ന്ന് വീണ്ടും ഇവരുടെ ഇതേ ഫോട്ടോ വെച്ച് ആദരാഞ്ജലികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെയാണ് യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

Exit mobile version