ഇനി ബാലി ദ്വീപ് സന്ദർശിക്കാം വിസയില്ലാതെ! തായ്‌ലാൻഡിന് പിന്നാലെ ഇന്ത്യക്കാർക്ക് ഇളവ് നൽകാൻ ഇൻഡൊനേഷ്യ

ബാലി: ഇന്ത്യയിൽ നിന്നും ഏറ്റവുമധികം പേർ വിനോദയാത്രയ്‌ക്കെത്തുന്ന രാജ്യങ്ങളിലൊന്നായ ഇൻഡോനേഷ്യ പുതിയ വിസ നയം പ്രഖ്യാപിക്കുന്നു. ഇന്ത്യക്കാർക്ക് വിസ രഹിതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന പുതിയ ഇളവാണ് ഇൻഡൊനേഷ്യ നടപ്പിലാക്കാൻ പോകുന്നത്.

ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇൻഡൊനീഷ്യയും ഇന്ത്യക്കാർക്ക് ഇളവേ നൽകാൻ തയ്യാറെടുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ചൈന ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് ഇൻഡൊനീഷ്യയിലേക്ക് വിസ രഹിതമായി പ്രവേശനം അനുവദിക്കുക.

ഇക്കാര്യത്തിൽ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നാണ് ഇൻഡൊനീഷ്യൻ ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി 20 രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ രഹിത പ്രവേശനത്തിന് ഇൻഡോനേഷ്യ ഒരുങ്ങുന്നത്.

ALSO READ- കോൺഗ്രസ് എംപിയുടെ അനധികൃത സമ്പത്ത്; അഞ്ച് ദിവസത്തെ തിരച്ചിലിൽ കണ്ടെടുത്തത് 300 കോടി; കൂടുതൽ മെഷീനുകളും ഉദ്യോഗസ്ഥരേയും എത്തിച്ച് ആദായ നികുതി വകുപ്പ്

കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനും കൂടുതൽ വിദേശനാണ്യം നേടാനുമുള്ള നടപടികളുടെ ഭാഗമാണാണ് ഇതെന്ന് ഇൻഡൊനീഷ്യയുടെ വിനോദസഞ്ചാര വകുപ്പ് മന്ത്രി സാൻഡിയാഗാ ഉനോ അറിയിച്ചു. കൂടുതൽ ദിവസം രാജ്യത്ത് തങ്ങാൻ സഹായിക്കുന്ന ഗോൾഡൻ വിസയ്ക്കും ഇൻഡൊനേഷ്യ അംഗീകാരം നൽകിയിട്ടുണ്ട്.


കോവിഡ് കാലത്തിന് മുൻപ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു ഇൻഡൊനേഷ്യ. 2019ൽ 1.6 കോടി വിദേശ വിനോദ സഞ്ചാരികൾ ഇൻഡോനീഷ്യയിൽ എത്തിയിരുന്നു. അതേസമയം, വീണ്ടും സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. 2023 ജനുവരി-ഒക്ടോബറിലെത്തിയത് 94.9 ലക്ഷം സഞ്ചാരികളാണ്.

Exit mobile version