കാര്‍ഷിക ഉത്പന്നങ്ങള്‍ വെട്ടി നശിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പോലീസ് വിളിപ്പിച്ചത് അഞ്ചുപേരെ; സ്‌റ്റേഷനിലേക്ക് എത്തിയത് ഒരു നാടാകെ!

സംഭവത്തില്‍ പ്രദേശവാസികളായ അഞ്ചുപേരെ അധികൃതര്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.

അടിമാലി: തന്റെ തോട്ടത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ നാട്ടുകാരായ അഞ്ചുപേര്‍ ചേര്‍ന്ന് വെട്ടി നശിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കുറ്റാരോപിതരെ വിളിപ്പിച്ചതിന് പിന്നാലെ സ്റ്റേഷനില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. അഞ്ചുപേരെ വിളിപ്പിച്ചപ്പോള്‍ പ്രദേശവാസികള്‍ ഒന്നടങ്കം സ്റ്റേഷനിലെത്തിയാണ് പോലീസിനെ അമ്പരപ്പിച്ചത്. അടിമാലി പോലീസ് സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്.

തോട്ടത്തിലെ കാര്‍ഷികയുത്പന്നങ്ങള്‍ സമീപവാസികളായ അഞ്ചുപേര്‍ വെട്ടി നശിപ്പിച്ചതായും വീട്ടിലേക്ക് കല്ലെറിഞ്ഞതായും കാണിച്ച് ഓടയ്ക്കാസിറ്റി സ്വദേശിനിയാണ് അടിമാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പ്രദേശവാസികളായ അഞ്ചുപേരെ അധികൃതര്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.

അതേസമയം, യുവതി പറയുന്നത് കള്ളമാണെന്നും കള്ളപരാതിയില്‍ നടപടിയെടുക്കരുതെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ കൂട്ടത്തോടെ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചെത്തിയത്. പഞ്ചായത്ത് അംഗമടക്കമുള്ളവരാണ് വിളിപ്പിച്ച അഞ്ച് യുവാക്കളോടൊപ്പം സ്റ്റേഷനിലെത്തിയത്.

ഓടയാക്കാസിറ്റി നായ്ക്കുന്ന് റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് യുവതിയും പ്രദേശവാസികളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം കാലങ്ങളായി യുവതിയുടെ പുരയിടത്തിലൂടെയാണ് ഒഴുകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെള്ളം അതുവഴി വിടുന്നതിന് യുവതി തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. വെള്ളം പുരയിടത്തില്‍ കയറാത്തവിധം പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് പൈപ്പുകള്‍ സ്ഥാപിക്കാമെന്ന് അറിയിച്ചെങ്കിലും യുവതി വഴങ്ങിയിരുന്നില്ല. പിന്നാലെ കള്ളപരാതിയുമായി യുവതി രംഗത്തെത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version