കടുത്ത സാമ്പത്തിക പ്രതിസന്ധി: മകളുടെ വിവാഹദിനത്തില്‍ അച്ഛന്‍ കുടുംബ വീട്ടില്‍ ജീവനൊടുക്കി; മരണം അറിയിക്കാതെ നീതുവിനെ സുമംഗലിയാക്കി ബന്ധുക്കള്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.

ചാത്തന്നൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മകളുടെ വിവാഹ ദിനത്തില്‍ അച്ഛന്‍ കുടുംബവീട്ടില്‍ ജീവനൊടുക്കി. ഉളിയനാട് ഡീസന്റ് ജംക്ഷനു സമീപം പ്രസാദ് ഭവനില്‍ ബി ശിവപ്രസാദിനെയാണ് (46) ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹത്തിന്റെ മകള്‍ നീതുവിന്റെ വിവാഹമായിരുന്നു ഇന്നലെ.

ചിറക്കരത്താഴത്ത് ഇന്നലെ പുലര്‍ച്ചെ 5.30നു കുളിക്കാന്‍ പോയ ശിവപ്രസാദിനെ ഏറെ നേരം കഴിഞ്ഞും കാണാതെ വന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് കുടുംബവീടിന് സമീപം ശിവപ്രസാദിന്റെ ബൈക്ക് കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലില്‍ ഈ വീടിനകത്ത് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മകള്‍ക്ക് നല്‍കാനാഗ്രഹിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നല്‍കാന്‍ സാധിക്കാതെ വന്നതിന്റെ മനോവേദനയിലാണ് ആത്മഹത്യയെന്ന് കരുതുന്നു. വീടും പുരയിടവും വിറ്റ് മകളുടെ വിവാഹം നടത്താനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. ഇതിനായി സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന കടം വീട്ടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ചാത്തന്നൂരിലെ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പ കുടിശിക ആയതോടെ ബാങ്കില്‍ നിന്നു നോട്ടീസ് അയച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ബാങ്ക് അധികൃതര്‍ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു.

അതേസമയം, സ്വര്‍ണ്ണാഭരണങ്ങളില്ലാതെ തന്നെ വിവാഹം നടത്താമെന്നു വരനും ബന്ധുക്കളും ഉറപ്പു നല്‍കിയിരുന്നുവെന്നാണ് വിവരം. ശിവപ്രസാദിന്റെ മരണ വിവരം പുറത്തറിയിക്കാതെ ബന്ധുക്കള്‍ മകളുടെ താലികെട്ട് നടത്തുകയായിരുന്നു. താലികെട്ട് കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടത്. നീതുവിനെ പൂതക്കുളം പുന്നേക്കുളം സ്വദേശിയായ ആര്‍എസ് ബിജുവാണു വിവാഹം ചെയ്തത്.

Exit mobile version