അപകടത്തില്‍പ്പെട്ടവരുമായി പാഞ്ഞ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചു; എട്ട് മരണം, ദാരുണ സംഭവം പാലക്കാട്

നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടം സംഭവിച്ചത്.

പാലക്കാട്: അപകടത്തില്‍പ്പെട്ടവരുമായി പാഞ്ഞ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചു. എട്ട് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. പാലക്കാട് തണ്ണിശ്ശേരിയിലാണ് അപകടമുണ്ടായത്. പട്ടാമ്പി സ്വദേശികളാണ് മരിച്ചത്. നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടം സംഭവിച്ചത്.

ഓങ്ങല്ലൂർ സ്വദേശികളായ സുബൈർ, ഫവാസ്, നാസർ, ഉമർ ഫാറൂഖ്, നെന്മാറ സ്വദേശികളായ സുധീർ, നിഖിൽ, ശിവൻ, വൈശാഖ് എന്നിവരാണു മരിച്ചത്. ആംബുലൻസ് ഡ്രൈവറായിരുന്നു സുധീർ. പരിക്കേറ്റ മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പട്ടാമ്പിയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു പട്ടാമ്പി സ്വദേശികള്‍. ഇവര്‍ക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചു.

ഇവരെ ഉടനെ തന്നെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ പാലക്കാട് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വിവരമറിയിച്ചപ്പോള്‍ ഇവരെ കാണാന്‍ പട്ടാമ്പിയില്‍ നിന്ന് ബന്ധുക്കളും എത്തി. ഇവരടക്കമുള്ളവരാണ് ആംബുലന്‍സില്‍ കയറിയത്.

മീന്‍ കയറ്റിയ ലോറി ആംബുലന്‍സിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുക്കാനായത്.

Exit mobile version