കോവിഡ് ഡ്യൂട്ടിക്കിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണം: 108 ആംബുലന്‍സ് ജീവനക്കാരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

പാലക്കാട്: കോവിഡ് ഡ്യൂട്ടിക്കിടെ 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ മെല്‍ബിന്‍ ജോര്‍ജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം കൈമാറി.

കനിവ് 108 ആംബുലന്‍സ് നടത്തിപ്പുകാരായ ജിവികെ ഇഎംആര്‍ഐയുടെ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നുള്ള 10 ലക്ഷം രൂപയാണ് മെല്‍ബിന്റെ ഭാര്യ ജിന്റു മെല്‍ബിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൈമാറിയത്.

2021 ഒക്ടോബര്‍ 20നാണ് രോഗിയുമായി പോകുന്നതിനിടെ നിയന്ത്രണംവിട്ട ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്ക് പറ്റിയ മെല്‍ബിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കോവിഡ് മുന്‍നിര പോരാളികള്‍ക്കായുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് മാര്‍ച്ച് മാസം മെല്‍ബിന്റെ കുടുംബത്തിന് ലഭ്യമാക്കിയിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി ലഭ്യമാക്കിയതെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കോവിഡ് മുക്തരായ പറമ്പിക്കുളം സ്വദേശികളെ വീട്ടിലെത്തിക്കാന്‍ പോയ ആംബുലന്‍സ് പറമ്പിക്കുളം ആനപ്പാടി ചെക്പോസ്റ്റിന് സമീപം മറിയുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ ജഗദീഷിനും ആംബലുന്‍സിലുണ്ടായിരുന്ന നാല് പേര്‍ക്കും പരുക്കേറ്റിരുന്നു.

Exit mobile version