അതിഥി തൊഴിലാളിയായ അസം സ്വദേശിനി വീട്ടില്‍ പ്രസവിച്ചു; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

തിരുവനന്തപുരം: അതിഥി തൊഴിലാളിയായ യുവതി വീട്ടില്‍ പ്രസവിച്ചു.
അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി പറന്നെത്തി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. അസം സ്വദേശിനിയും വെഞ്ഞാറമൂട് വലിയകട്ടയ്ക്കല്‍ താമസവുമായ റിന മഹാറാ (30) ആണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

ഇതിനിടയില്‍ വീട്ടുകാര്‍ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ആംബുലന്‍സ് പൈലറ്റ് സുജിത്ത് ബി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ വിവേക് വി.ആര്‍ എന്നിവര്‍ സ്ഥലത്തെത്തി.

ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ വിവേക് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമശ്രുശൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി.

ആംബുലന്‍സ് പൈലറ്റ് സുജിത്ത് ഉടന്‍ അമ്മയെയും കുഞ്ഞിനേയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Exit mobile version