ഒമ്പത് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പ്രതി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ ഭീഷണിപ്പെടുത്തി കാണിച്ച ശേഷമാണ് പീഡിപ്പിച്ചിരുന്നത്

കോട്ടയം: ഒന്നര വര്‍ഷം ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പോലീസ് പിടിയില്‍.കുട്ടിയെ ഓട്ടോയില്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പീഡനം. മാതാപിതാക്കള്‍ സംഭവം അറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോട്ടയം വടവാതൂര്‍ സ്വദേശിയായ സെബിന്‍ (37) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച പരാതിയില്‍ ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

പ്രതി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ ഭീഷണിപ്പെടുത്തി കാണിച്ച ശേഷമാണ് പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടി ഫോണ്‍ ഉപയോഗിക്കുന്നതില്‍ അസ്വാഭാവികത തോന്നി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Exit mobile version