ക്രമസമാധാന ചുമതലയില്‍ തിളങ്ങുന്ന അദ്ദേഹത്തെ മാറ്റുന്നത് സേനയുടെ വീര്യം കെടുത്തുന്നതിനു തുല്ല്യം; യതീഷ് ചന്ദ്രയുടെ സ്ഥലം മാറ്റത്തില്‍ സേനയ്ക്ക് അകത്തും പുറത്തും വിയോജിപ്പ്

തൃശ്ശൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, തൃശ്ശൂരിലെ ജനങ്ങള്‍ക്കും പ്രിയങ്കരനാണ് അദ്ദേഹം

തൃശ്ശൂര്‍: പോലീസ് തലപ്പത്തെ അഴിച്ചു പണിയില്‍ സേനയ്ക്ക് അകത്തും പുറത്തുമുള്ള വിയോജിപ്പുകള്‍ ശക്തമാകുന്നു. കേരളാ പോലീസിലെ അഴിച്ച് പണിയില്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെയും സ്ഥലം മാറ്റിയിരുന്നു. ഈ തീരുമാനത്തിലാണ് വിയോജിപ്പ് കടുക്കുന്നത്. മികച്ച ഉദ്യോഗസ്ഥനെന്ന് തൃശ്ശൂര്‍ ഒന്നടങ്കം പറയുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. നിലവില്‍ തൃശ്ശൂരിലെ സിറ്റി പോലീസ് കമ്മീഷണറായ യതീഷ് ചന്ദ്രയെ സൈബര്‍ ക്രൈം പോലീസിന്റെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്തെ എസ്പിയായാണ് നിയമിച്ചിരിക്കുന്നത്.

ഡിജിപിയുടെ പ്രത്യേക ശുപാര്‍ശ പ്രകാരമാണ് ഈ നിയമനമെന്നാണ് വിവരം. ക്രമസമാധാന ചുമതലയില്‍ തിളങ്ങുന്ന യതീഷിനെ പോലെയുള്ളവരെ സ്ഥലം മാറ്റുന്നത് സേനയുടെ മനോവീര്യം കെടുത്തുന്നതിനു തുല്ല്യമാണെന്നാണ് സേനയ്ക്ക് അകത്തു നിന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍. ഭരണപക്ഷത്ത് മാത്രമല്ല, പ്രതിപക്ഷത്തെ ഒരു വിഭാഗത്തിലും യതീഷ് ചന്ദ്രയുടെ മാറ്റത്തില്‍ അതൃപ്തിയുണ്ട്.

തൃശ്ശൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, തൃശ്ശൂരിലെ ജനങ്ങള്‍ക്കും പ്രിയങ്കരനാണ് അദ്ദേഹം. ഇത്രയും അധികം ജനകീയ പിന്തുണ ലഭിച്ചിട്ടുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ ഇല്ലെന്ന കാര്യം ഉറപ്പിച്ച് പറയാനാകും. അതുകൊണ്ട് തന്നെയാണ് സ്ഥലം മാറ്റം ഉള്‍കൊള്ളാന്‍ സാധിക്കാത്തതും. പ്രളയം ബാധിച്ച് ജനം വലഞ്ഞപ്പോള്‍ അവര്‍ക്ക് ആശ്വാസമായി യതീഷ് ചന്ദ്രയുണ്ടായിരുന്നു. പ്രളയകാല പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. യതീഷ് ചന്ദ്രയുടെ മേല്‍നേട്ടത്തില്‍ വലിയ രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് തൃശ്ശൂരില്‍ നടന്നത് .ജില്ലാകണ്‍ട്രോള്‍ റൂമിന്റെ ചുമതലയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും എല്ലാം അദ്ദേഹം തന്നെയായിരുന്നു.

ശേഷം ശബരിമല വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടാണ് അദ്ദേഹത്തിന് ഏറെ കൈയ്യടി നേടികൊടുത്തത്. ഏത് രാഷ്ട്രീയക്കാരനും ഉന്നത തലപ്പത്ത് ഇരിക്കുന്നവനായാലും നിയമവും മറ്റും എല്ലാവര്‍ക്കും ഒരുപോലെയെന്ന് തെളിയിച്ചു കൊടുത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. ആ ഉറച്ച നിലപാടിന് ആണ് ജനം കൈയ്യടിച്ചത്. ശേഷം അദ്ദേഹത്തിന്റെ പിന്തുണയും ആരാധകരും പതിന്‍മടങ്ങായി വര്‍ധിക്കുകയാണ് ചെയ്തത്. ശബരിമല പ്രക്ഷോഭകാലത്ത് യതീഷ് ചന്ദ്രയ്ക്കായിരുന്നു ചുമതല. നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി നിയമം കൃത്യമായി പാലിച്ച് ക്രമസമാധാനം കൈയ്യില്‍ അടക്കിപിടിച്ച വ്യക്തികളില്‍ മുഖ്യ പങ്കാണ് അദ്ദേഹം വഹിച്ചത്.

പിന്നീട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായുണ്ടായ തര്‍ക്കം ദേശീയ തലത്തിലും വലിയ വിവാദത്തിനാണ് വഴിവെച്ചത്. പ്രളയം കഴിഞ്ഞ് നാമവശേഷമായ ഭൂമിയായിരുന്നു ശബരില. അതുകൊണ്ട് തന്നെ പാലിക്കാന്‍ ഒത്തിരി നിര്‍ദേശങ്ങളും മുമ്പോട്ട് വെച്ചിരുന്നു. എന്നാല്‍ അവയെല്ലാം നിഷ്പ്രഭമാക്കി ശബരിമലയിലേയ്ക്ക് കേന്ദ്രമന്ത്രിയും മറ്റും കടക്കാന്‍ ശ്രമിച്ചപ്പോള്‍ തടയിട്ടതും യതീഷ് ചന്ദ്രയായിരുന്നു. ശേഷം അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിക്കേണ്ടി വന്നു ഈ ദേശീയ നേതാക്കള്‍ക്ക്.

ഇതാണ് വിവാദത്തില്‍ കലാശിച്ചത്. യതീഷ് ചന്ദ്ര രാഷ്ട്രീയം കളിക്കുന്നു എന്ന തലത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അദ്ദേഹം തന്നെ ഏല്‍പ്പിച്ച കടമ വൃത്തിയായി ചെയ്തുവെന്ന് പറഞ്ഞ് പലരും പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ മന്ത്രിയെ നിയമം പഠിപ്പിച്ച പുലിക്കുട്ടി എന്ന പേരും യതീഷിന് സോഷ്യല്‍ മീഡിയ ചാര്‍ത്തി നല്‍കി. മാത്രമല്ല, കടുത്ത വേനലില്‍ ട്രാഫിക് നില്‍ക്കുന്ന പോലീസുകാര്‍ക്ക് തണ്ണി മത്തനും ജ്യൂസും തണുത്ത വെള്ളവും മറ്റും എത്തിച്ച് സഹപ്രവര്‍ത്തകര്‍ക്കും താങ്ങായി. ഇങ്ങനെ നീളും ഈ കാക്കി കുപ്പായത്തിലെ നന്മകള്‍.

ഇത്തരത്തില്‍ ജനങ്ങളെയും സഹപ്രവര്‍ത്തകരെയും സഹായിച്ച് കാക്കിയോട് കൂറു പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നതു കൊണ്ട് സേനയ്ക്ക് തീരാ നഷ്ടം എന്നു തന്നെയാണെന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്. ഇപ്പോള്‍ പോലീസ് ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവരെ ആഭ്യന്തര വകുപ്പ് പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യം പടരുകയും സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മേഖല ശുദ്ധീകരിക്കാനും, കുറ്റകൃത്യങ്ങള്‍ തുടച്ച് നീക്കുവാനും മറ്റുമായി യതീഷ് ചന്ദ്രയ്ക്ക് മാറ്റം നല്‍കിയത്.

Exit mobile version