യുവതിക്ക് കാന്‍സറില്ലെന്ന് സ്ഥിരീകരിച്ച് പാതോളജി ലാബ് റിപ്പോര്‍ട്ടും; രജനി നിയമനടപടിക്ക്

ശസ്ത്രക്രിയയില്‍ ശേഖരിച്ച സാംപിളും നെഗറ്റീവാണെന്ന് പതോളജി ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോട്ടയം: കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി നടത്തി വിവാദത്തിലായ കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ നിയമ നടപടി ശക്തമായേക്കും. കീമോ തെറാപ്പിക്ക് വിധേയായ യുവതിക്ക് കാന്‍സറില്ലെന്ന് അന്തിമറിപ്പോര്‍ട്ട് വന്നതോടെയാണിത്. ശസ്ത്രക്രിയയില്‍ ശേഖരിച്ച സാംപിളും നെഗറ്റീവാണെന്ന് പതോളജി ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ യുവതിക്കു കീമോതെറാപ്പി നല്‍കുകയായിരുന്നു. ഇതാണ് വിവാദമായത്. ആലപ്പുഴ കുടശ്ശനാട് ചിറയ്ക്കു കിഴക്കേക്കര വീട്ടില്‍ രജനിയാണ് (38) ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്.

ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡിക്കല്‍ കോളേജിലെത്തിയത്. സര്‍ജറി വിഭാഗം ബയോപ്‌സിക്കു നിര്‍ദേശിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജിലെ ഫലം വൈകുമെന്നതിനാല്‍ സ്വകാര്യ ലാബില്‍ കൂടി പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതോടെ മെഡിക്കല്‍ കോളജിനു സമീപമുള്ള ഡയനോവ ലാബില്‍ പരിശോധന നടത്തുകയും ചെയ്തു. ഇതോടെ മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ടിനു മുമ്പെ സ്വകാര്യ ലാബിലെ റിപ്പോര്‍ട്ട് വന്നതോടെ ഡോക്ടര്‍മാര്‍ നിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സ തുടങ്ങുകയായിരുന്നു.

ആദ്യഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കല്‍ കോളജ് പതോളജി ലാബില്‍നിന്നുള്ള ഫലം ലഭിച്ചത്. മുഴ കാന്‍സര്‍ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ഏപ്രിലില്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) പോയി. കാന്‍സര്‍ ഇല്ലെന്ന് അവിടെ നിന്നും സ്ഥിരീകരിച്ചു. കോട്ടയത്തു പരിശോധിച്ച സാംപിളുകള്‍ ആര്‍സിസിയിലെത്തിച്ച് വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നല്‍കി. മുഴ ഏപ്രിലില്‍ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. കടം വാങ്ങിച്ചും കഷ്ടപ്പെട്ടും കീമോ തെറാപ്പിക്ക് പണം കണ്ടെത്തിയ രജനി തന്നെ ദുരിതക്കയത്തിലാക്കിയ ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.

Exit mobile version