വിജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ നാളെ വയനാട്ടിലേക്ക്; മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ റോഡ് ഷോ നടത്തും

എടവണ്ണയിലെത്തുന്ന രാഹുല്‍ സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വന്‍ വിജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാന്‍ എത്തുന്ന രാഹുല്‍ മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്‌ഷോയില്‍ പങ്കെടുക്കും. കരിപ്പൂരിലെത്തുന്ന രാഹുല്‍ കാര്‍ മാര്‍ഗമാണ് യാത്ര.

ഉച്ചക്ക് ഒന്നരക്കാണ് രാഹുല്‍ കരിപ്പൂരിലെത്തുക. തുടര്‍ന്ന് വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവില്‍ റോഡ്‌ഷോക്ക് എത്തും. പിന്നീട് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെ റോഡ് ഷോ നടത്തും. ഇതിന് ശേഷം ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലെത്തുന്ന രാഹുല്‍ സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും.

ഏറനാട്ടിലെ തന്നെ അരീക്കോടും റോഡ് ഷോ നടത്തും. തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ മുക്കത്തും ഈങ്ങാപ്പുഴയിലും റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഇത് ഞായറാഴ്ചത്തേക്ക് മാറ്റാന്‍ എസ്പിജി നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version