സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്നും പത്ത് കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; ആവേശത്തില്‍ കുട്ടിപ്പട്ടാളം

പുത്തന്‍ ബാഗും കുടയും പുസ്തകങ്ങളുമൊക്കെയായി ആവേശത്തിലാണ് ഈ കുഞ്ഞുങ്ങള്‍.

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്നും ആദ്യമായി പത്ത് കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്. ഇത്തവണ ശിശുക്ഷേമസമിതി ഓഫീസിന് അടുത്തുള്ള തൈക്കാട് മോഡല്‍ എല്‍പി സ്‌കൂളിലേക്കാണ് പത്തുകുട്ടികളുടെ കുട്ടിപ്പട്ടാളം പഠനാവേശത്തോടെ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. പുത്തന്‍ ബാഗും കുടയും പുസ്തകങ്ങളുമൊക്കെയായി ആവേശത്തിലാണ് ഈ കുഞ്ഞുങ്ങള്‍.

അഭിജിത്തും നിളയും സാമുവലുമെല്ലാം ആവേശത്തിലാണ്. സ്‌കൂള്‍ കുട്ടികളായി മുതിര്‍ന്ന കുഞ്ഞുങ്ങളായതിന്റെ ആവേശത്തിമര്‍പ്പ് മാത്രമെ ഇവരുടെ മുഖത്തുള്ളൂ. ആദ്യമായി സ്‌കൂളില്‍ പോകുന്നതിന്റെ അങ്കലാപ്പൊന്നും ആര്‍ക്കുമില്ലായിരുന്നു. എല്ലാവരും നല്ല സന്തോഷത്തില്‍. പുസ്തകങ്ങള്‍ അടുക്കിവച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പറക്കുന്നതിന്റെ തെല്ല് ഗമയിലാണ് പത്തംഗസംഘം.

ആദ്യമായാണ് ഇത്രയധികം കുട്ടികള്‍ ശിശു ക്ഷേമ സമിതിയില്‍ നിന്ന് പ്രൈമറിതലത്തില്‍ സ്‌കൂളിലേക്ക് പ്രവേശിക്കുന്നതെന്നതും ശ്രദ്ധേയമായി.

Exit mobile version