രാജ്യത്തിന് വേണ്ടി പോരാടുന്ന ധീര ജവാന്മാരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്, വീടില്ലാത്തവര്‍ക്ക് വീട്, മരണമടഞ്ഞ ജവാന്മാരുടെ മാതാപിതാക്കളെ സംരക്ഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ധീര ജവാന്മാരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സായുധസേന പതാകദിന ഫണ്ടിന്റെയും രാജ്യ സൈനികബോര്‍ഡിന്റെയും സംയുക്തയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് വേണ്ടി പോരാടി ജീവന്‍ വെടിയുന്ന ജവാന്മാര്‍ക്ക് വീടില്ല എങ്കില്‍ അവര്‍ക്ക് വീടുവെച്ച് നല്‍കുക അവരുടെ മാതാപിതാക്കളെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുക എന്നിങ്ങനെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും സൈനികക്ഷേമവകുപ്പ് വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. എയിഡ്സ് രോഗികളായ വിമുക്തഭടന്‍മാര്‍/ അവരുടെ വിധവകള്‍/ വിമുക്തഭടന്‍മാരുടെ ഭാര്യ/ ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക് ധനസഹായം ആദ്യമൂന്നുവര്‍ഷത്തക്ക് എന്നത് ആജീവനാന്തമാക്കി വര്‍ധിപ്പിച്ചു. വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് ഉള്‍പ്പെടെ വിവിധ മത്സരപ്പരീക്ഷകള്‍ക്കുള്ള പരീശീലനത്തിനുള്ള ധനസഹായം 20,000 രൂപയില്‍ നിന്ന് 35,000 രൂപയായി ഉയര്‍ത്തി. ഇതിനായുള്ള വരുമാനപരിധി നാലുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിച്ചു.

ദേശീയ അന്തര്‍ദേശീയ കായികമത്സരങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടുന്ന വിമുക്തഭടന്‍മാര്‍/ ആശ്രിതര്‍ക്ക് യഥാക്രമം ഒരുലക്ഷം, 50,000, 25,000 രൂപ വീതവും അന്തര്‍ദേശീയ മത്സരവിജയികള്‍ക്ക് യഥാക്രമം 1,50,000 രൂപ, ഒരുലക്ഷം, 75,000 രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചു. 2018 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാവും ഒറ്റത്തവണ സാമ്പത്തികവിതരണം ചെയ്യുന്നത്.യോഗത്തില്‍ 2019-20 സാമ്പത്തികവര്‍ഷത്തേക്ക് 6,28,50,000 രൂപയുടെ ബഡ്ജറ്റും അംഗീകരിച്ചു.

Exit mobile version