മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് വഴിതെറ്റി; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എസ്‌ഐയേയും രണ്ട് പോലീസ് ഡ്രൈവര്‍മാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് അകമ്പടി പോയ വാഹനം വീണ്ടും വഴിതെറ്റി. സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ രാമനാട്ടുകര മേല്‍പാലത്തിലെത്തിയപ്പോഴാണ് വാഹനത്തിന് വഴിതെറ്റിയത്.

എസ്‌ഐയേയും രണ്ട് പോലീസ് ഡ്രൈവര്‍മാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി ട്രാഫിക് എസ്‌ഐ ഗണേശന്‍, ഇവിടത്തെ ഡ്രൈവര്‍ ബൈജു, മാറാട് സ്റ്റേഷനിലെ ഡ്രൈവര്‍ സത്യനേശന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അകമ്പടിപോയ മാറാട് സിഐ കെ ദിലീഷിനോട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരണം തേടി.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രി രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപമെത്തിയപ്പോള്‍ മുന്നില്‍ ട്രെയിലര്‍ ഉണ്ടായിരുന്നു. ഇത് വഴിയില്‍ നിന്നും മാറ്റിയതിന് ശേഷം മേല്‍പ്പാലത്തിന് സമീപം യുടേണ്‍ വഴി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ട അകമ്പടി വാഹനം മേല്‍പ്പാലത്തിലൂടെ കറിയ പോവുകയായിരുന്നു.

അകമ്പടിവാഹനങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവും മേല്‍പ്പാലത്തിലൂടെ മുന്നോട്ടുപോയി. പിന്നീടാണ് മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലൂടെയാണ് വഴിയെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് ബോധ്യമായത്. വഴിതെറ്റിയത് സിഐയ്ക്കും അപ്പോഴാണ് മനസ്സിലായത്. ഉടന്‍ മേല്‍പ്പാലത്തിലൂടെ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയും അകമ്പടിവാഹനങ്ങളും ഇടതുവശത്തെ റോഡിലേക്ക് കടന്നു.

മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാപ്പാളിച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജ് നടപടി സ്വീകരിക്കുകയായിരുന്നു. സിഐ ദിലീഷിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ എവി ജോര്‍ജ് ഉത്തരമേഖലാ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കും.മാര്‍ച്ച് ഒമ്പതിന് മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിന് സിഎച്ച് മേല്‍പ്പാലത്തിന് മുകളില്‍ വെച്ച് വഴിതെറ്റിയിരുന്നു.

Exit mobile version