അബ്ദുള്ളകുട്ടി ഇരിക്കും കൊമ്പ് മുറിച്ചത് രാഷ്ട്രീയ ലാഭം മുന്നില്‍ കണ്ട്.? ബിജെപിയുടെ ക്ഷണം സ്വീകരിക്കുമോ.? മഞ്ചേശ്വരം സീറ്റ് ആര്‍ക്ക്.?

കോഴിക്കോട്: മോഡിയെ പുകഴ്ത്തി പോസ്റ്റിട്ടതിന് എപി അബ്ദുള്ളക്കുട്ടിയെ ഇന്നലെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. അദ്ദേഹത്തിനെതിരെ കടുത്ത ഭാഷയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ ഒന്നും കാണാതെ അബ്ദുള്ളകുട്ടി ഇരിക്കും കൊമ്പ് മുറിക്കില്ല എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. പക്ഷെ അത് സത്യമായിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അബ്ദുള്ളകുട്ടിയെ പുറത്താക്കിയ തല്‍ക്ഷണം ബിജെപിയില്‍ നിന്ന് അദ്ദേഹത്തിന് ക്ഷണം വന്നു.

അബ്ദുള്ളകുട്ടിയുടെ ചരിത്രം നോക്കിയാല്‍ തന്നെ മനസിലാകും അദ്ദേഹം ഇതിനോടകം രണ്ട് പാര്‍ട്ടി ഉപേക്ഷിച്ച് വന്നിട്ടുള്ള വ്യക്തിയാണ്. ഒരുപക്ഷെ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ ലാഭങ്ങള്‍ക്ക് വേണ്ടിയോ ആണ് അദ്ദേഹം പാര്‍ട്ടികളില്‍ നിന്ന് വിട്ട് പോന്നത് എന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇപ്പോള്‍ ബിജെപിയുടെ ക്ഷണം അദ്ദേഹം സ്വീകരിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

2009 ല്‍ വിശ്വാസപരമായ വിഷയങ്ങളുടെ പേരില്‍ പാര്‍ട്ടിക്കെതിരെ നിലപാടെടുത്തും മോഡിയുടെ ഗുജറാത്ത് മോഡല്‍ ഉയര്‍ത്തിക്കാട്ടിയുമാണ് സിപിഎമ്മില്‍ നിന്ന് പുറത്തേക്കുള്ള വഴി സ്വയം വെട്ടിയത്. പിന്നീട് കെ സുധാകരന്റെ പിന്തുണയില്‍ കോണ്‍ഗ്രസിലെത്തി. ഒരു പതിറ്റാണ്ടിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാനുള്ള വഴിയും അബ്ദുള്ളക്കുട്ടി സ്വയം വെട്ടിത്തെളിക്കുകയായിരുന്നു. അതിനും മോഡിയെ
ആയുധമാക്കി. കണ്ണൂര്‍ കോണ്‍ഗ്രസില്‍ കെ സുധാകരന് മുകളിലേക്ക് ഉയരാനാവില്ല, കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാത്ത പാര്‍ട്ടിയില്‍ ഒരു ഭാരവാഹിത്വവുമില്ലാതെ തുടരാന്‍ പറ്റാത്ത കച്ചവട താല്‍പര്യങ്ങള്‍ തുടങ്ങിയവ കോണ്‍ഗ്രസില്‍ നിന്നകലാന്‍ കാരണങ്ങളാണ്. ബിജെപിയിലേക്ക് നേതാക്കള്‍ സ്വാഗതം ചെയ്യുമ്പോഴും അബ്ദുള്ള ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയാകും, മംഗലാപുരത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും തുടങ്ങിയ അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

Exit mobile version