സ്വര്‍ണ്ണക്കടത്ത് നടത്തിയ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെ കുറിച്ച് അറിയില്ല; ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് താനല്ലെന്നും ഭാര്യ ലക്ഷ്മി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ ചൊല്ലി ഉയരുന്ന ദുരൂഹതകള്‍ നീക്കണമെന്ന ആവശ്യവുമായി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി.സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ഇട്ടത് താനല്ലെന്നും കൊച്ചിയിലെ ഏജന്‍സിയാണെന്നും ലക്ഷ്മി വിശദീകരിച്ചു.

‘തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നു. ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.

ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് ദയവായി അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നായിരുന്നു സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ ലക്ഷ്മിയുടെ പേരില്‍ വന്ന കുറിപ്പ്. അതേസമയം, ബാലഭാസ്‌കറും കുഞ്ഞും മരിച്ച അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നെന്നും ലക്ഷ്മി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പിലെ പ്രോഗ്രാം കോഡിനേറ്ററായിരുന്ന പ്രകാശന്‍ തമ്പിയെ ഡിആര്‍ഐ അറസ്റ്റു ചെയ്തതോടെയാണ് അപകടമരണത്തിനു പിന്നില്‍ ഇവരുണ്ടെന്ന സംശയം ബന്ധുക്കള്‍ ഉയര്‍ത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന വിഷ്ണു സോമസുന്ദരം ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന മാനേജരാണ്.

Exit mobile version