മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ കോഴിക്കോട്ടെ ദമ്പതികള്‍ക്ക് ഊരുവിലക്ക്; പിഴയായി വന്‍തുകയും

ശരത് എന്ന യുവാവും ഭാര്യയുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട്: മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനും കുടുംബത്തിനും സമുദായ നേതാക്കളുടെ ഊരു വിലക്കും ജാതി വിലക്കും. ശരത് എന്ന യുവാവും ഭാര്യയുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിലൊക്കെ പതിവായ ഈ സംഭവം കേരളത്തിലെ കോഴിക്കോടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് അമ്പരപ്പുണ്ടാക്കുകയാണ്.

യാദവ സമുദായ അംഗമാണ് ശരത്. 2016-ലാണ് ശരത് സമുദായ നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. അന്ന് മുതല്‍ സ്വന്തം വീട്ടില്‍ പോകുന്നതിനും വീട്ടുകാരെ കാണുന്നതിനും സമുദായം വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് മാറ്റാനായി വന്‍തുക പിഴയായി അടയ്ക്കണമെന്നാണ് സമുദായ നേതാക്കള്‍ ആവശ്യപ്പെടുന്നത്.

വിലക്കും ഭീഷണിയും മൂലം കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു. മറ്റ് സമുദായത്തില്‍പ്പെട്ടവരെ വിവാഹം ചെയ്യുന്നവര്‍ക്ക് മാത്രമല്ല യാദവ സമുദായത്തില്‍ വിലക്ക്. ആചാരങ്ങള്‍ പിന്തുടരാതെ സ്വന്തം സമുദായത്തില്‍പ്പെട്ടവരെ വിവാഹം ചെയ്താലും സമുദായം വിലക്കും. വിലക്കേര്‍പ്പെടുത്തിയ കുടുംബങ്ങളുമായി സഹകരിക്കുന്നവരെയും സമുദായ നേതാക്കള്‍ ഭീഷണിപ്പെടുത്തും.

ജാതി വിലക്ക് ഏര്‍പ്പെടുത്തിയുള്ള മാനസിക പീഡനത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചിലര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് യാദവ സമുദായ നേതാക്കളുടെ പ്രതികരണം.

Exit mobile version