‘തര്‍ക്കത്തിനിടെ ഒരാളെ കാറിടിച്ചു; തല്‍ക്കാലം മാറിനില്‍ക്കുകയാണ്’; ‘മുങ്ങുന്നതിന്’ തൊട്ടുമുന്‍പ് ഹരികുമാര്‍ വിളിച്ചത് റൂറല്‍ എസ്പിയെ

തിരുവനന്തപുരം: സനല്‍ എന്ന യുവാവിനെ റോഡില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമാര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുന്നതിന് മുമ്പ് അവസാനം ഫോണില്‍ ബന്ധപ്പെട്ടത് റൂറല്‍ എസ്പി അശോക് കുമാറിനെയെന്ന് തെളിവുകള്‍.

”നെയ്യാറ്റിന്‍കരയില്‍ ഒരു അപകടം ഉണ്ടായി, തര്‍ക്കത്തിനിടെ ഒരാളെ കാറിടിച്ചു. ഞാനിവിടെ നില്‍ക്കുന്നില്ല. തല്‍ക്കാലം മാറിനില്‍ക്കാന്‍ പോകുന്നു”- ഇതാണു ഹരികുമാര്‍ ഫോണില്‍ പറഞ്ഞത്. അതിനു ശേഷം ഇയാളുടെ രണ്ടു മൊബൈല്‍ ഫോണുകളും ഓഫാക്കുകയായിരുന്നു.

സംഭവമെന്താണെന്നു സ്‌പെഷല്‍ ബ്രാഞ്ചില്‍ നിന്നോ നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ നിന്നോ മനസിലാക്കി എസ്പിക്ക് ഉടന്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അന്നു രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അദ്ദേഹം അതു ചെയ്തില്ല. അതിനു ശേഷമാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ഇദ്ദേഹം ഡിജിപിക്കു ശുപാര്‍ശ നല്‍കിയത്. ഇത് അന്വേഷണം വൈകിപ്പിക്കാനാണെന്നും ആക്ഷേപമുണ്ട്.

ഹരികുമാറിനെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ജനരോഷം താങ്ങാനാകില്ലെന്ന് അന്വേഷണ സംഘത്തിനും അറിയാം. അതിനാല്‍ ഹരികുമാറിന്റെയും അടുത്ത ബന്ധുക്കളുടെയും വീട്ടിലെത്തി അന്വേഷണത്തോടു സഹകരിക്കണമെന്നു പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. .ഹരികുമാറിനെയും ഇയാള്‍ക്കൊപ്പമുണ്ടെന്നു കരുതുന്ന സുഹൃത്ത് ബിനുവിനെയും തേടി ഒരു സംഘം പോലീസ് മധുര അടക്കമുള്ള സ്ഥലങ്ങളിലേക്കു തിരിച്ചു.

Exit mobile version