തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്: മുഖ്യകണ്ണിയായ അഭിഭാഷകന്‍ ബിജു മോഹന്‍ കീഴടങ്ങി

കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തിയാണ് ബിജുമോഹന്‍ കീഴടങ്ങിയത്.

കൊച്ചി: ഏറെ വിവാദമായ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി. കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തിയാണ് ബിജുമോഹന്‍ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. കഴിഞ്ഞദിവസം, ഹൈക്കോടതിയില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ബിജു മോഹന്‍ ഇന്ന് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു.

കീഴടങ്ങിയ ബിജുമോഹനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പക്കല്‍ നിന്നും സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് അമ്പരപ്പിക്കുന്ന സ്വര്‍ണ്ണക്കടത്ത് തട്ടിപ്പ് പുറത്തുവന്നത്.

സ്വര്‍ണ്ണം കടത്തിയിരുന്നത് പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. പിന്നാലെ പിപിഎം തിരുവനന്തപുരം ഷോറൂം മാനേജര്‍ ഹക്കീമും ഡയറക്ടര്‍മാരും ഒളിവില്‍ പോയി. മുഹമ്മദലിയുടെ ദുബായ് സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയതെന്ന് പിടിയിലായ സെറീന മൊഴി നല്‍കിയിരുന്നു.

Exit mobile version