പന്നിക്ക് നല്‍കാന്‍ വെച്ച പഴയ പഫ്‌സ് വില്‍പ്പന നടത്തി; കഴിച്ച ആറു വയസുകാരന് ഛര്‍ദിയും തലകറക്കവും; കടപൂട്ടിച്ച് നാട്ടുകാര്‍

എന്നാല്‍ തന്റെ അറിവോടെയല്ല പഫ്‌സ് വില്‍പ്പന നടത്തിയതെന്നാണ് കടയുടമയുടെ വാദം

പനങ്ങാട്: പന്നിക്ക് നല്‍കാന്‍ വെച്ച പഴയ പഫ്‌സ് വില്‍പ്പന നടത്തിയ കടക്കാരനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. റൊട്ടി നിര്‍മ്മാണ കേന്ദ്രമായ ബോര്‍മയില്‍ നിന്നും വാങ്ങിയ പഫ്‌സ് കഴിച്ച് ആറു വയസുകാരന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ തന്റെ അറിവോടെയല്ല പഫ്‌സ് വില്‍പ്പന നടത്തിയതെന്നാണ് കടയുടമയുടെ വാദം.

കടയില്‍ നിന്നും പഫ്‌സ് വാങ്ങിക്കഴിച്ച കുട്ടിക്ക് തലകറക്കം ഛര്‍ദ്ദില്‍ ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. ഇതോടെ ബാക്കിവന്ന പഫ്‌സുമായി കുട്ടിയുടെ പിതാവ് കടയില്‍ വന്ന് ബഹളം വെച്ചു. പിന്നാലെ ഇവിടെ നിന്നും വാങ്ങിയ പഫ്‌സുമായി കൂടുതല്‍ പേര് കടയുടെ മുന്നിലേക്കെത്തി. ഇത് പിന്നീട്
സംഘര്‍ഷത്തിനിടയാക്കി.

സംഭവസ്ഥലത്ത് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. എന്നാല്‍, ജില്ലാ ഭരണകൂടത്തേയും, ആരോഗ്യ വിഭാഗത്തേയും വിവരം അറിയിച്ചിട്ടും ഇവരാരും പരിശോധനയ്ക്ക് എത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പന്നി വളര്‍ത്തുകാര്‍ക്ക് നല്‍കുന്നതിനായി മാറ്റിവെച്ച പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കൂട്ടത്തിലെ പഫ്‌സ് ഇതര സംസ്ഥാന ജീവനക്കാര്‍ വില്പ്പനയ്ക്ക് വയ്ക്കുകയായിരുന്നെന്ന് കടയുടമ പറയുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കട പൂട്ടി. ഉടന്‍ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗവും വ്യക്തമാക്കി.

Exit mobile version