ഇത് ഞങ്ങടെ അമ്പാടിക്ക് വേണ്ടി, കാത്തിരിപ്പിനൊടുവില്‍ കുഞ്ഞിന് വേണ്ടി അമ്പിളി അമ്മാവനെ നിര്‍മ്മിച്ച് അച്ഛന്‍

തൃശ്ശൂര്‍: അച്ഛനമ്മമാര്‍ ആകുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് അതിന് വേണ്ട സാധനങ്ങള്‍ എല്ലാം മാതാപിതാക്കള്‍ ഒരുക്കിവെക്കും. എന്തൊക്കെ കാത്തുവച്ചാലും അച്ഛനും അമ്മയ്ക്കും മതിയായെന്നു വരില്ല. കളിപ്പാട്ടങ്ങള്‍ കൊണ്ട് മുറിയൊരുക്കി…ആട്ടുതൊട്ടില്‍ പണിയിച്ച്…കുഞ്ഞുടുപ്പുകള്‍ വാങ്ങിക്കൂട്ടി ഒമ്പതുമാസത്തോളം നീളുന്ന കാത്തിരിപ്പ്.

ഇവിടെയിതാ ഒരച്ഛന്റെ വാത്സല്യം തുളുമ്പുന്ന സ്‌നേഹത്തിന്റെ കഥയാണ് വൈറലാകുന്നത്. ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഇപ്പോള്‍ തന്നെ ഈ അച്ഛന്‍ സമ്മാനം ഒരുക്കിയിരിക്കുകയാണ്. അമ്പിളിമാമനെയാണ് അച്ഛന്‍ കുഞ്ഞിന് വേണ്ടി സമ്മാനിച്ചത്. തെറ്റിദ്ധരിക്കേണ്ട, കുഞ്ഞാവയ്ക്കായുള്ള ആട്ടുതൊട്ടിലിന് അമ്പിളിമാമന്റെ രൂപം നല്‍കിയാണ് ഈ അച്ഛന്‍ ഇഷ്ടം പകുത്തു നല്‍കിയിരിക്കുന്നത്. വാത്സല്യം തുളുമ്പുന്ന സമ്മാനത്തിന്റെ കഥ സോഷ്യല്‍ മീഡിയയാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. ഹരി പണിക്കര്‍ എന്ന യുവാവാണ് ആ സ്‌നേഹനിധിയായ അച്ഛന്‍

കുഞ്ഞതിഥിയെത്തുന്നു എന്നറിഞ്ഞ നാള്‍ തൊട്ട് തുടങ്ങിയതാണ് അമ്പിളിയമ്മാവന്‍ തൊട്ടിലിന്റെ നിര്‍മ്മാണം. കാത്തിരിപ്പിനൊടുവില്‍ ആ പൈതല്‍ ആ തൊട്ടിലില്‍ ചായുറങ്ങുന്നതു വരെയെത്തി നില്‍ക്കുന്നു ആ നന്മയുള്ള കാഴ്ച. ആട്ടു തൊട്ടില്‍ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും ഹരി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ പങ്കുവച്ച് ഹരി സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ;

7 വര്‍ഷം കാത്തിരുന്നു അവനു വേണ്ടി, എന്നാല്‍ അവന്‍ വരുമ്പോള്‍ വെറും കൈയ്യോടെ കാത്തിരിക്കാനും മനസ് അനുവദിച്ചില്ല. 9 മാസം എടുത്തു പൂര്‍ത്തി ആക്കാന്‍, എന്റെ പ്രിയപെട്ടവളുടെ ഉദരത്തില്‍ അവന്‍ രൂപം കൊണ്ട് വന്നപ്പോള്‍ ഞാന്‍ അവനു കാത്തു വച്ച സമ്മാനം. അവന്‍ ജനിക്കുന്നതിനു ഒരാഴ്ച മുമ്പ് പൂര്‍ത്തിയാക്കിയ എന്റെ ഞങ്ങളുടെ അമ്പാടിയുടെ അമ്പിളിയമ്മാവന്‍.

Exit mobile version