‘ചെറിയ പെരുന്നാളിന് ശേഷം ഈരാറ്റുപേട്ടയില്‍ പൊതുയോഗം വച്ച് കാര്യങ്ങള്‍ വിശദമാക്കും’; വിവാദമായ ഫോണ്‍ സംഭാഷണത്തില്‍ വിശദീകരണവുമായി പിസി ജോര്‍ജ്ജ്

തൃശ്ശൂര്‍; ഇരാറ്റുപേട്ടയിലെ മുസ്ലീമുകള്‍ തീവ്രവാദികളാണെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്ജ്. താന്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറയുന്നതിന് അടിസ്ഥാനമായി പറയപ്പെടുന്ന ശബ്ദരേഖയെ സംബന്ധിച്ച് കൊടുത്ത പരാതിയില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ സത്യാവസ്ഥ എവര്‍ക്കും ബോധ്യപ്പെടുമെന്നും, ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങള്‍ ഈരാറ്റുപേട്ടയില്‍ പൊതുയോഗം വച്ച് പറയുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി ജോര്‍ജ്ജ് വിശദീകരണവുമായി രംഗത്ത് എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ്;
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈരാറ്റുപേട്ടയില്‍ ഉണ്ടായ സംഭവങ്ങള്‍ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണ്. അതിന് അടിസ്ഥാനമായി പറയപ്പെടുന്ന ശബ്ദരേഖയെ സംബന്ധിച്ച് ഞാന്‍ കൊടുത്ത പരാതിയില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ സത്യാവസ്ഥ എവര്‍ക്കും ബോധ്യപ്പെടും. എന്നാല്‍ ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും , സമൂഹത്തില്‍ വര്‍ഗ്ഗീയചേരിതിരിവ് സൃഷ്ടിക്കുവാനും നേതൃത്വം കൊടുക്കുന്നവര്‍ ആരാണെന്ന് ഇതിനോടകം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു . പരിശുദ്ധ റമദാന്‍ മാസത്തില്‍ ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്ന വ്യക്തികള്‍ ഇതിന് നേതൃത്വം കൊടുക്കുന്നു എന്ന് പറയുമ്പോള്‍ അവരുടെ ദുഷ്ടലാക്ക് എന്ത് എന്ന് ബോധ്യപ്പെടും. റമസാന്‍ മാസം ഈരാറ്റുപേട്ടയില്‍ പൊതുയോഗം വച്ച് മനുഷ്യ മനസ്സുകളെ തമ്മിലകറ്റുന്നതും പരസ്പരം സ്പര്‍ദ്ധയുണ്ടാക്കുന്നതും ശരിയല്ലാത്തത് കൊണ്ട് ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങള്‍ ഞാന്‍ ഈരാറ്റുപേട്ടയില്‍ പറയും.

പി സി ജോര്‍ജ്ജ് MLA

Exit mobile version