ഇടതുപക്ഷത്തിന്റെ പരാജയത്തെക്കാളും നൂറുമടങ്ങ് ആഴമുള്ള മുറിവാണ് യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കുത്തക സീറ്റില്‍ തോറ്റത്; കെടി ജലീല്‍

തൃശ്ശൂര്‍; കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തെക്കാളും നൂറുമടങ്ങ് ആഴമുള്ള മുറിവാണ് യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കുത്തക സീറ്റില്‍ തോറ്റതെന്ന് മന്ത്രി കെടി ജലീല്‍. യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റില്‍ ഒരു ‘പന്ത്രണ്ടാം ക്ലാസ്സുകാരി’യോട് അരലക്ഷത്തോളം വോട്ടിനാണ് തോറ്റത്. പൊന്നാനിയില്‍ അന്‍വറിന്റെ തോല്‍വിയെക്കാളും കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയത്തെക്കാളും നൂറുമടങ്ങ് ആഴമുണ്ട് ആ മുറിവിനെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പണ്ടൊരു പിതാവ് മകനെ ഡോക്ടറാക്കാന്‍ മെഡിക്കല്‍ കോളേജിലേക്ക് പഠിക്കാനയച്ച ഒരു കഥയുണ്ട്. അവസാനം ഒരു കമ്പോണ്ടര്‍ പോലുമാകാതെ കേവലമൊരു രോഗിയായി അവന്‍ വീട്ടിലേക്ക് തിരിച്ചു വന്ന കഥ. സമാനമായി രാഹുല്‍ ഗാന്ധിയുടെ അനുഭവമെന്നും മന്ത്രി പരിഹസിച്ചു.

അമേഠിയില്‍ മാത്രം മല്‍സരിച്ച് രാഹുല്‍ ധീരത കാട്ടിയിരുന്നെങ്കില്‍ ആ ബലത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് ഇതിലുമധികം സീറ്റുകള്‍ നേടി 55 തികച്ച് പ്രതിപക്ഷ നേതൃ പദവിയെങ്കിലും അദ്ദേഹത്തിന് സ്വന്തമാക്കാമായിരുന്നു. ആ അവസരം കോണ്‍ഗ്രസ് പ്രസിഡണ്ടിന് നഷ്ടപ്പെടുത്തിയതിന്റെ പാപക്കറ കഴുകിക്കളയാന്‍ കെപിസിസി ക്കും സില്‍ബന്തികള്‍ക്കും അറബിക്കടലില്‍ അത്തറ് കലക്കി ഒരുപാട് മുങ്ങിക്കുളിക്കേണ്ടി വരുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്;

കോണ്‍ഗ്രസ്സിനെ പച്ചപുതപ്പിച്ച് ചുടലപ്പറമ്പിലേക്ക് എടുത്തവരോട് സവിനയം
—————————————-
പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കി ബി.ജെ.പി. സ്വന്തമായിത്തന്നെ മൂന്നൂറിലധികം സീറ്റ് നേടി രാജകീയ വിജയം ആഘോഷിക്കുകയാണ്. നരേന്ദ്രമോഡി രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പോകുന്നു. യു.പി.എ യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റില്‍ ഒരു ‘പന്ത്രണ്ടാം ക്ലാസ്സുകാരി’യോട് (അങ്ങിനെയായിരുന്നല്ലോ സൈബര്‍ കോണ്‍ഗ്രസ്സുകാര്‍ അവരെ നിസ്സാരവല്‍കരിച്ച് കളിയാക്കി പറഞ്ഞിരുന്നത്) അരലക്ഷത്തോളം വോട്ടിനാണ് തോറ്റത്. പൊന്നാനിയില്‍ അന്‍വറിന്റെ തോല്‍വിയെക്കാളും കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയത്തെക്കാളും നൂറുമടങ്ങ് ആഴമുണ്ട് ആ മുറിവിന്.

പണ്ടൊരു പിതാവ് മകനെ ഡോക്ടറാക്കാന്‍ മെഡിക്കല്‍ കോളേജിലേക്ക് പഠിക്കാനയച്ച ഒരു കഥയുണ്ട്. അവസാനം ഒരു കമ്പോണ്ടര്‍ (ഫാര്‍മസിസ്റ്റ് ) പോലുമാകാതെ കേവലമൊരു രോഗിയായി അവന്‍ വീട്ടിലേക്ക് തിരിച്ചു വന്ന കഥ. സമാനമായി രാഹുല്‍ ഗാന്ധിയുടെ അനുഭവവും. ഈ കഥയില്‍ രക്ഷിതാവിന്റെ സ്ഥാനത്ത് ഒരു പറ്റം രക്ഷിതാക്കളാണെന്ന് മാത്രം. ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയെ പ്രധാനമന്ത്രിയാക്കാന്‍ കച്ചകെട്ടി വയനാട് കോളേജില്‍ ചേര്‍ത്ത ഈ രക്ഷകര്‍ത്താക്കള്‍ക്ക് പക്ഷെ രാഹുലിനെ പ്രതിപക്ഷ നേതാവ് പോലുമാക്കാന്‍ കഴിയാതെ കേവലമൊരു എം.പി യാക്കി പാര്‍ലമെന്റിന്റെ മൂലയിലേക്കൊതുക്കേണ്ടി വന്നിരിക്കുന്നു. അമേഠിയില്‍ മാത്രം മല്‍സരിച്ച് രാഹുല്‍ ധീരത കാട്ടിയിരുന്നെങ്കില്‍ ആ ബലത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് ഇതിലുമധികം സീറ്റുകള്‍ നേടി 55 തികച്ച് പ്രതിപക്ഷ നേതൃ പദവിയെങ്കിലും അദ്ദേഹത്തിന് സ്വന്തമാക്കാമായിരുന്നു. ആ അവസരം കോണ്‍ഗ്രസ് പ്രസിഡണ്ടിന് നഷ്ടപ്പെടുത്തിയതിന്റെ പാപക്കറ കഴുകിക്കളയാന്‍ കെ.പി.സി.സി ക്കും സില്‍ബന്തികള്‍ക്കും അറബിക്കടലില്‍ അത്തറ് കലക്കി ഒരുപാട് മുങ്ങിക്കുളിക്കേണ്ടി വരും.

മകന്‍ മരിച്ചിട്ടെങ്കിലും മരുമകളുടെ കണ്ണീരു കാണാന്‍ കൊതിച്ച അമ്മായി അമ്മയെപ്പോലെ ഇടതുമുന്നണിയെ തോല്‍പ്പിച്ച ആവേശത്തില്‍ മതിമറക്കുന്നവര്‍ ഇന്ത്യയുടെ ഭാവിയെ കുറിച്ച് ഒരു നിമിഷം പോലും ഓര്‍ത്തില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധതയില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് കേരളമാണല്ലോ ഇന്ത്യ. നരേന്ദ്ര മോഡിയും ബി.ജെ.പി യുടെ ഭാവി പ്രധാനമന്ത്രി അമിത്ഷായും ഭരണചക്രം തിരിച്ച് കാട്ടിക്കൂട്ടുന്ന താന്തോന്നിത്തങ്ങള്‍ കണ്ട് യു.ഡി.എഫ് നേതാക്കള്‍ക്ക്, പരസ്പരം കെട്ടിപ്പിടിച്ച് ചെയ്ത് പോയ ഭീമാബദ്ധത്തെ ഓര്‍ത്ത് പരിതപിക്കാമെന്നല്ലാതെ ഇനി മറ്റെന്ത് ചെയ്യാന്‍? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ദേശീയ തലത്തില്‍ പച്ചപുതപ്പിച്ച് തെക്കോട്ടെടുത്തവര്‍ക്ക് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായ മോക്ക് മന്ത്രിസഭയില്‍ ക്യാമ്പിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിയായി മലപ്പുറത്ത് പച്ചക്കൊടി വെച്ച് പാറി പറക്കാം.

Exit mobile version