നാഗമ്പടം പാലം പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തലാക്കി, ബദല്‍ സംവിധാനവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരത്ത് നിന്ന് എസി ബസുകള്‍ ഉള്‍പ്പടെ പ്രത്യേക അഡീഷണല്‍ സര്‍വീസുകളാണ് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരിക്കുന്നത്

കോട്ടയം: കോട്ടയം പഴയ നാഗമ്പടം പൊളിച്ചു നീക്കാനുള്ള പണികള്‍ ആരംഭിച്ചു. ഇതേ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഇന്ന് പൂര്‍ണ്ണമായും 26, 27 തീയതികളില്‍ ഭാഗികമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബദല്‍ സംവിധാനം ഒരുക്കി കെഎസ്ആര്‍ടിസി രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് എസി ബസുകള്‍ ഉള്‍പ്പടെ പ്രത്യേക അഡീഷണല്‍ സര്‍വീസുകളാണ് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടുംവിധമാണ് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിറ്റിഒയെ നോഡല്‍ ഓഫീസറായും സര്‍വീസുകളുടെ ക്രമീകരണത്തിനായി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഒരു ഇന്‍സ്‌പെക്ടറുടെ സേവനവും കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാലം പൊളിക്കുന്നതിന്റെ ഭാഗമായി റദ്ദാക്കിയ പരശുറാം ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്ത് തന്നെ കെഎസ്ആര്‍ടിസി ബസുകള്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം, തൃശ്ശൂര്‍ ഭാഗത്തേക്ക് സര്‍വീസുകള്‍ നടത്തുന്നതാണ്. ദക്ഷിണ റെയില്‍വേയും കെഎസ്ആര്‍ടിസിയും ഏകോപിപ്പിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്.

Exit mobile version