പാലക്കാട് എംബി രാജേഷിനെ അട്ടിമറിച്ച് വികെ ശ്രീകണ്ഠന്‍; യുഡിഎഫ് നേടിയത് 11637 ഭൂരിപക്ഷ വോട്ടുകള്‍

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് നേടിയത് 399274 വോട്ടുകളാണ്

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്‍ഠന് പാലക്കാട് വന്‍ ഭൂരിപക്ഷത്തോടെ വിജയം. അവസാന നിമിഷം വരെ നടന്ന ശക്തമായ പോരാട്ടത്തില്‍ 11637 ഭൂരിപക്ഷ വോട്ടുകള്‍ക്കാണ് ശ്രീകണ്ഠന്‍ ജയം കൈവരിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് നേടിയത് 399274 വോട്ടുകളാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് രണ്ടാംസ്ഥാനവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ മൂന്നാംസ്ഥാനവും നേടി. എംബി രാജേഷിന് 399274 വോട്ടുകളും സി കൃഷ്ണകുമാറിന് 218556 വോട്ടുകളുമാണ് ലഭിച്ചത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നാലിടത്തും എംബി രാജേഷ് മുന്നിട്ട് നിന്നെങ്കിലും മറ്റു മണ്ഡലങ്ങളിലെ ശ്രീകണ്ഠന്റെ ഭൂരിപക്ഷം മറികടക്കാന്‍ കഴിഞ്ഞില്ല.

പട്ടാമ്പി, മണാര്‍ക്കാട്, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് ശ്രീകണ്ഠന് ഭൂരിപക്ഷം നല്‍കിയത്. എല്‍ഡിഎഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമായിരുന്നു പാലക്കാട്. എന്നാല്‍ കേരളത്തില്‍ അലയടിച്ച യുഡിഎഫ് തരംഗം എല്‍ഡിഎഫിന് തിരിച്ചടിയാവുകയായിരുന്നു.

Exit mobile version