35 വര്‍ഷമായി ഈ നാട്ടിലേക്ക് ഓടിയെത്തുന്ന കെഎസ്ആര്‍ടിസി ബസ്; ബസ് ഡ്രൈവര്‍ വിരമിച്ചപ്പോള്‍ കണ്ണീരോടെ യാത്രയയപ്പും; നാടിന്റെ സ്പന്ദനമായി ആര്‍എസി 824

എന്നാല്‍ ഈ ഗ്രാമത്തിന്റെ ഓരോ അനക്കത്തിലും ഒപ്പം ചേര്‍ന്ന അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള ആര്‍എസി 824 എന്ന ബസ്

അടൂര്‍: ഈ നാടിന്റെ സ്പന്ദനമായി മാറുക, എല്ലാ ആഘോഷങ്ങളിലേക്കും 35 വര്‍ഷമായി മുടങ്ങാതെ ഓടിയെത്തുക, ഈ വിശേഷണങ്ങളൊന്നും എല്ലാ ബസുകള്‍ക്കും ലഭിക്കില്ല. എന്നാല്‍ ഈ ഗ്രാമത്തിന്റെ ഓരോ അനക്കത്തിലും ഒപ്പം ചേര്‍ന്ന അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള ആര്‍എസി 824 എന്ന ബസ് ഈ കൂട്ടത്തില്‍ ഏറെ വ്യത്യസ്തമാണ്. തെങ്ങമം എന്ന ഗ്രാമത്തിന്റെ പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ബസായി മാറുകയായിരുന്നു ആര്‍സി 824.

ദീര്‍ഘകാലമായുള്ള മുടങ്ങാതെയുള്ള ഈ ബസിന്റെ സര്‍വീസ് ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കാന്‍ കാരണമായി. യാത്രാ ബസുകള്‍ വ്യാപകമല്ലാതിരുന്ന കാലത്ത് ആരംഭിച്ച ബസ് തുടക്കം മുതല്‍ ഇന്നുവരെ അധികമൊന്നും പണിമുടക്കി യാത്രക്കാരെ പെരുവഴിയിലാക്കിയിട്ടുമില്ല. ഒരു ദിവസം ഇരു വശത്തേക്കുമായി 18 സര്‍വീസുകളാണ് ഈ കെഎസ്ആര്‍ടിസി നടത്തുന്നത്.

കുറച്ചുനാള്‍ മുന്‍പ് ഈ ബസിലെ സ്ഥിരം ഡ്രൈവറായിരുന്ന ജോസഫ് സര്‍വീസില്‍നിന്ന് പിരിഞ്ഞപ്പോള്‍ നാട്ടുകാര്‍ വലിയ സ്വീകരണവും യാത്രയയപ്പും ഒരുക്കുകയും ചെയ്തു. ഒപ്പം 35-ാം വാര്‍ഷികവും നാട്ടുകാര്‍ ആഘോഷമാക്കി. വീല്‍ക്കപ്പും സ്റ്റിക്കറും മാലകളും ഒക്കെയായി ബസിനെ അവര്‍ അണിയിച്ചൊരുക്കുകയും ചെയ്തു.

Exit mobile version