കേരളത്തിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് റീപോളിങ്; കര്‍ശന സുരക്ഷ

കാസര്‍കോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ഇന്ന് ജനവിധി. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷലാണ് വോട്ടെടുപ്പ്.

കണ്ണൂര്‍: കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് റീ പോളിങ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു മണി വരെയാണ് നടക്കുക.

കാസര്‍കോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ഇന്ന് ജനവിധി. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷലാണ് വോട്ടെടുപ്പ്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിങ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിങ് നടത്തുന്നത്.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന് ബൂത്തുകളിലാണ് റീപോളിങ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരില്‍ ഒരു ബൂത്തിലുമാണ് റീപോളിങ് നടക്കുക. ധര്‍മ്മടത്ത് കുന്നിരിക്കയിലും വേങ്ങോട്ടുമാണ് റീ പോളിങ്. തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്എസില്‍ ആണ് ഇന്ന് റീ പോളിങ് നടക്കുക.

അതേസമയം, പോളിങ് നടക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങള്‍ ഒരുക്കിയതായി കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസര്‍കോട് കളക്ടര്‍ ഡോ. ഡി സജിത്ബാബുവും അറിയിച്ചു. ഇവിടെ വെബ്കാസ്റ്റിങും വീഡിയോ കവറേജുമുണ്ടാകും.

കൂടാതെ, റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനായി വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചു. പര്‍ദ്ദ ധരിച്ച് വോട്ട് ചെയ്യുന്നതിനെ ച്ചൊല്ലി എംവി ജയരാജന്‍ നടത്തിയ പ്രസ്താവന വിവാദമായതിന് തൊട്ടു പിന്നാലെയാണ് കമ്മീഷന്റെ നടപടി. മുഖാവരണം ധരിച്ചെത്തുന്നവരുടെ മുഖം പരിശോധിക്കണമെന്നും മുഖാവരണം കള്ളവോട്ടിന് മറയാക്കുന്നുണ്ട് എന്നുമായിരുന്നു ജയരാജന്റെ പ്രസ്താവന.

Exit mobile version