മനക്കോട്ട കെട്ടിയ പിസി ജോര്‍ജിന് അടി പതറുന്നു, മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരാണ് പോലും എന്‍ഡിഎ; ഷോണിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുമോ?

കോട്ടയം: ബിജെപി പക്ഷത്തേക്ക് ചേക്കേറിയ ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ് ധാരാളം മനക്കോട്ടകള്‍ കെട്ടിയിരുന്നു. എന്നാല്‍ വെറും ചീറ്റുകൊട്ടാരം പോലെ അദ്ദേഹത്തിന്റെ മോഹങ്ങളെല്ലാം വീണ അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കെഎം മാണിയുടെ വിയോഗത്തെ തുടര്‍ന്ന് പാലായില്‍ നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനുള്ള നീക്കമായിരുന്നു പിസിക്ക്. എന്നാല്‍ ഈ ആഗ്രഹങ്ങള്‍ക്കെല്ലാം ബിജെപി കൂച്ച് വിലങ്ങ് ഇട്ടിരിക്കുകയാണ്.

മക്കള്‍ രഷ്ട്രീയത്തെ പൂര്‍ണ്ണമായും എതിര്‍ക്കുന്ന നയം സ്വീകരിച്ചിട്ടുള്ള ബിജെപി എങ്ങനെ ഷോണിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കും എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പാലായില്‍ നിന്നുള്ള നേതാക്കള്‍ തന്നെയാണ് പരസ്യമായി ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

പാലായിലെ സീറ്റ് വേണമെന്ന് നേരത്തെ എന്‍ഡിഎയോട് പിസി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സീറ്റ് ഉറപ്പായി എന്നമട്ടിലുള്ള സംസാരമാണ് പിസിയുടെ ഭാഗത്ത് നിന്ന് വരുന്നത് എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. യോഗം ഉദ്ഘാടനം ചെയ്തു പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് മക്കള്‍ രാഷ്ട്രീയത്തിന് എതിരെ സംസാരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പി സി ജോര്‍ജിന്റെ പാലാ സീറ്റവകാശവാദത്തെ നേതാക്കള്‍ ചോദ്യം ചെയ്തത്.

35,000 പാര്‍ട്ടി വോട്ടുകള്‍ ഇപ്പോള്‍ പാലായില്‍ ഉണ്ടെന്നും ശക്തമായ ത്രികോണമത്സരം നടന്നാല്‍ 43000 വോട്ടുകള്‍ക്ക് അടുത്തു നേടുന്നവര്‍ക്ക് ജയസാധ്യതയുണ്ടെന്നും നേതാക്കള്‍ കണക്കുകള്‍ അവതരിപ്പിച്ചു. മുന്നണി മര്യാദ അനുസരിച്ച് സീറ്റ് വിട്ട് നല്‍കേണ്ടി വന്നാലും ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ യോഗത്തെ അറിയിച്ചു. അതേസമയം കോട്ടയം മണ്ഡലത്തില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പ്രവര്‍ത്തിച്ചില്ലെന്നും എസ്എന്‍ഡിപി -ബിഡിജെഎസ് അഭിപ്രായവ്യത്യാസങ്ങള്‍ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

Exit mobile version