ടാര്‍ ചെയ്ത റോഡ് മണിക്കൂറുകള്‍ക്കകം പൊളിഞ്ഞുപോയി; വീഡിയോ കോളില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ കണ്ണുപൊട്ടുന്ന ചീത്ത!

തകര്‍ന്നു കിടക്കുന്ന റോഡിനെ കുറിച്ച് നേരിട്ട് ദൃശ്യങ്ങളിലൂടെ ബോധ്യപ്പെട്ടതോടെ ഉദ്യോഗസ്ഥരെ മന്ത്രി ശകാരിക്കുകയും ചെയ്തു

മൂവാറ്റുപുഴ: ടാര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്ന് ആയവന പഞ്ചായത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിളിച്ചു വരുത്തി തടഞ്ഞുവെച്ചും, മന്ത്രി ജി സുധാകരനെ വീഡിയോ കോളില്‍ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയും, നാട്ടുകാര്‍ പ്രതിഷേധിച്ചു. തകര്‍ന്നു കിടക്കുന്ന റോഡിനെ കുറിച്ച് നേരിട്ട് ദൃശ്യങ്ങളിലൂടെ ബോധ്യപ്പെട്ടതോടെ ഉദ്യോഗസ്ഥരെ മന്ത്രി ശകാരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥയടക്കമുള്ളവരെ രാത്രി ഏറെ വൈകിയാണ് നാട്ടുകാര്‍ പോലീസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വിട്ടത്.

ആയവന പഞ്ചായത്തിലെ അഞ്ചല്‍പ്പെട്ടിയില്‍ നാളുകളായി റോഡ് പൊളിഞ്ഞുകിടക്കുകയായിരുന്നു. ഒടുവില്‍ സഹികെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. കരാരുകാരന്‍ ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങിയതിനു പിന്നാലെ ടാര്‍ ഇളകി കുഴികള്‍ പഴയപടി തന്നെ തെളിഞ്ഞുവന്നു. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടാര്‍ ചെയ്തതും പൊളിഞ്ഞതോടെ നാട്ടുകാര്‍ക്ക് കലിയടക്കാനായില്ല. റോഡ് ഉപരോധിച്ചു സമരത്തിലേര്‍പ്പെട്ട ജനങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതെ പിരിഞ്ഞു പോകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

പിന്നാലെ, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ബേബി ബിന്ദുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി. റോഡ് മികച്ച രീതിയില്‍ റീടാറിങ് നടത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇവരെ ജനങ്ങള്‍ റോഡില്‍ തടഞ്ഞുവെച്ചത്. പിന്നാലെ, ഡിവൈഎഫ്‌ഐ നേതാക്കള്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ വിശദമാക്കുകയായിരുന്നു. ഇതോടെ, ടാറിങ് നടത്തിയ കരാറുകാരനെതിരെ നടപടിയെടുക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബേബി ബിന്ദുവിനെ നാട്ടുകാര്‍ വിട്ടയച്ചെങ്കിലും ഓവര്‍സിയറെ തടഞ്ഞുവച്ചു. ടാറിങിനുള്ള നടപടികള്‍ ആരംഭിച്ച ശേഷം പോയാല്‍ മതിയെന്ന് നാട്ടുകാര്‍ വാശിപിടിച്ചു. കീഴുദ്യോഗസ്ഥനെ തനിച്ചാക്കി മടങ്ങില്ലെന്ന് ഉദ്യോഗസ്ഥയും നിലപാടെടുത്തതോടെ കൂടുതല്‍ പോലീസെത്തി അനുനയ ശ്രമങ്ങള്‍ ആരംഭിച്ചു. തൊഴിലാളികള്‍ ടാറിങ് പൊളിച്ചു മാറ്റാന്‍ തുടങ്ങിയ ശേഷമാണ് രാത്രിയോടെ ജനങ്ങള്‍ ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.

Exit mobile version