ജപ്തി മാത്രമല്ല; നെയ്യാറ്റിന്‍കരയിലെ വൈഷ്ണവിയുടെയും അമ്മയുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധന പീഡനവും; ആത്മഹത്യ കുറിപ്പ് ചുമരില്‍; ചന്ദ്രനും അമ്മയും ബന്ധുക്കളും കസ്റ്റഡിയില്‍

നിരന്തരമായ സ്ത്രീധനം ചോദിച്ചുള്ള ചന്ദ്രന്റെയും അമ്മയുടെയും സഹോദരിയുടെയും പീഡനമാണ് ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ വഴിത്തിരിവ്. ബാങ്ക് ജപ്തിയുമായി മുന്നോട്ട് പോയതു മാത്രമല്ല, നിരന്തരമായ സ്ത്രീധനം ചോദിച്ചുള്ള ചന്ദ്രന്റെയും അമ്മയുടെയും സഹോദരിയുടെയും പീഡനമാണ് ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് കേസിലുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും സഹോദരി ഭര്‍ത്താവ് കാശിനാഥനും അമ്മ കൃഷ്ണമ്മയും ഇവരുടെ സഹോദരി ശാന്തയും ഉള്‍പ്പടെയുള്ള ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബാങ്ക് ജപ്തി നടപടിയില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാത്തതും സ്ത്രീധനത്തെ ചൊല്ലി വീട്ടിലുണ്ടായിരുന്ന അസ്വാരസ്യങ്ങളുമാണ് ആത്മഹത്യയ്ക്ക് പിന്നില്‍. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും കുടുംബവുമാണെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.

ലേഖയും വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്ത മുറിക്കുള്ളിലെ ചുമരില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് ഇന്ന് കണ്ടെത്തിയത്. ചുമരില്‍ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു കുറിപ്പ്. ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയിട്ടും ഗൃഹനാഥനായ ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും നിരന്തരം സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിക്കുകയായിരുന്നെന്നും കുറിപ്പിലുണ്ട്. ഇതിനിടെ, വീടും നഷ്ടപ്പെടുമെന്ന നിലയിലായതോടെ നിസഹായരായ ലേഖയും മകളും ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ നിന്നും ലഭിക്കുന്ന സൂചന.

Exit mobile version