‘നഗ്നവീഡിയോകളും ചിത്രങ്ങളും സൈബര്‍സെല്ലിന് ലഭിച്ചിട്ടുണ്ട്; നശിപ്പിച്ച് കളയാന്‍ സര്‍ക്കാരിലേക്ക് പത്തുലക്ഷം കെട്ടണം’; വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ സംഘം ഒടുവില്‍ വലയിലായപ്പോള്‍

വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി.

പാലോട്: സൈബര്‍സെല്‍ പോലീസ് ചമഞ്ഞു വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. വീട്ടമ്മയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി മടത്തറ ഇലവുപാലം തേരിയില്‍ ബര്‍ക്കത്ത് മന്‍സിലില്‍ അബ്ദുല്‍ ഷിബു(44) വാണ് പിടിയിലായത്. ഒന്നര വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്.

പോലീസ് നേരത്തെ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച് വലിയതുറ പോലീസിനു കൈമാറുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പാലോട് സിഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തു.

സൈബര്‍ സെല്ലില്‍ നിന്നാണെന്ന് അവകാശപ്പെട്ട് പ്രതിയും സംഘവും പാലോട് സ്വദേശിനിയായ വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയിരുന്നത്. കുടുംബത്തിന്റെ നഗ്ന ഫോട്ടോകളും വീഡിയോയും സൈബര്‍ സെല്ലിനു കിട്ടിയിട്ടുണ്ടെന്നും ഇത് നശിപ്പിച്ചു കളയാന്‍ സര്‍ക്കാരിലേക്ക് 10ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഭീഷണി വിശ്വസിച്ച വീട്ടമ്മ ഇവര്‍ക്ക് രണ്ടു തവണയായി പണം കൈമാറുകയും ചെയ്തു. ഇത്തരത്തില്‍ പണം തട്ടി ആര്‍ഭാടജീവിതം നയിച്ചിരുന്ന രണ്ടാം പ്രതി ഷിബുവിന്റെ ഭാര്യ മദീന, മൂന്നും നാലും പ്രതികളായ ഷാന്‍, മുഹമ്മദ്ഷാഫി എന്നിവരെ എട്ടു മാസങ്ങള്‍ക്കു മുന്‍പ് പാലോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എസ്‌ഐ ഭുവനചന്ദ്രന്‍ നായര്‍, എഎസ്‌ഐ അന്‍സാരി, സിപിഒമാരായ പ്രദീപ്,രാജേഷ്, അനൂപ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version