എ പ്ലസുകളിലെ അമിതാഘോഷം തകര്‍ക്കുന്ന ജീവനുകള്‍; മരണത്തിലേക്ക് നടന്ന് വിദ്യാര്‍ത്ഥികള്‍; തീയെടുക്കേണ്ടത് ഈ ആചാരങ്ങളെയെന്ന് സോഷ്യല്‍മീഡിയയും

എത്ര അപകടകരമാണ് 100 മേനി വിജയങ്ങളും, ഫുള്‍ എ+ വിജയങ്ങളും, 96% ത്തില്‍ ഏറെ വരുന്ന സിബിഎസ്‌സിമാര്‍ക്കു ലിസ്റ്റ്കളുമൊക്കെ നവമാധ്യമങ്ങളിലൂടെ ഫോട്ടോ ഷെയര്‍ ചെയ്തും ഫ്‌ളക്‌സ് ബോര്‍ഡടിച്ചും പ്രചരിപ്പിക്കുന്നത്

തൃശ്ശൂര്‍: തോല്‍വിയും വിജയവും ഒഴിവാക്കി ഗ്രേഡിങ് സിസ്റ്റത്തിലേക്ക് വിദ്യാഭ്യാസരീതി മാറിയിട്ടും ആത്മഹത്യയിലേക്ക് തുടരെ നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നടുക്കുന്നത് ആശങ്കയുണര്‍ത്തുന്നു. എ പ്ലസുകള്‍ കൂടുതല്‍ ലഭിച്ചവരെ അമിതമായി ആഘോഷിച്ച്, കുറഞ്ഞവരെ തഴഞ്ഞുള്ള മുന്നോട്ട് പോക്ക് ഈ സമൂഹത്തിന് ആശാസ്യമാണോ എന്ന ചോദ്യം ഈ പരീക്ഷാ കാലത്ത് വീണ്ടും ഉയരുകയാണ്. കഴിഞ്ഞദിവസം വന്ന പ്ലസ്ടു ഫലത്തിന് പിന്നാലെ രണ്ടു വിദ്യാര്‍ത്ഥികള്‍ മരണത്തില്‍ അഭയം പ്രാപിച്ചിരുന്നു. പുഴയിലേക്ക് എടുത്തു ചാടിയും തീകൊളുത്തിയും രണ്ട് വിദ്യാര്‍ത്ഥിനികളാണ് ആത്മഹത്യ ചെയ്തത്. ചേര്‍ത്തലയില്‍ പരീക്ഷാ ഫലത്തിന് പിന്നാലെ കടലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയെ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഗ്രേഡിലുണ്ടാകുന്ന ചെറിയ കുറവിനെ സമൂഹം ഒറ്റപ്പെടുത്തുമോ എന്ന ഭയമാണ് ഈ കുഞ്ഞുങ്ങളെ ജീവന്‍ സ്വയം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിക്കുന്നത്. ഞെട്ടല്‍ രേഖപ്പെടുത്തിയതിനു ശേഷം, ആഘോഷത്തില്‍ മുങ്ങിയ സമൂഹമാകട്ടെ അപ്പോഴും അടുത്ത എ പ്ലസുകാരെ തേടി ആര്‍പ്പുവിളിച്ച് പോവുകയായിരിക്കും. അമിതാഘോഷമെന്ന അപകടകരമായ ഈ പ്രവണത അവസാനിപ്പിക്കേണ്ടത് തന്നെയാണ്.

ഇതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കാവുന്നതാണ് പാലക്കാട് കൂറ്റനാട് പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്റേയും വിമലയുടേയും മകള്‍ പ്ലസ്ടു കാരി ഭവ്യ, ഒരു വിഷയത്തിലെ തോല്‍വിക്ക് പിന്നാലെ ജീവിതം അവസാനിപ്പിച്ച സംഭവവും. സ്‌നേഹം മാത്രം പകര്‍ന്നു നല്‍കിയ, മാര്‍ക്ക് കുറഞ്ഞതിന് കുറ്റപ്പെടുത്തുക പോലും ചെയ്യാതിരുന്ന രക്ഷിതാക്കളുടെ മകളായ ഭവ്യ,തീകൊളുത്തി ആത്മഹത്യ ചെയ്തത് നാടിന് കൂടി ഞെട്ടലിലായിരിക്കുകയാണ്. അധ്യാപകരോ രക്ഷിതാക്കളോ അടുത്തറിയാവുന്നവരോ ഈ വിദ്യാര്‍ത്ഥിനിയെ ഒരു വിഷയത്തിലെ തോല്‍വിയുടെ പേരില്‍ ഒറ്റപ്പെടുത്തിയിരുന്നില്ല. എന്നാല്‍, മറ്റ് വിഷയങ്ങളിലെ ഉന്നതവിജയം, ഒരു വിഷയത്തിലെ തോല്‍വിക്ക് മുന്നില്‍ ഒന്നുമല്ലെന്ന് അവള്‍ക്ക് തോന്നിയിരിക്കാം. അതിനുമപ്പുറം തൊട്ടുമുമ്പത്തെ ദിവസത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍ ഫുള്‍ എപ്ലസുകള്‍ കരസ്ഥമാക്കിയ സ്വന്തം അനിയത്തിക്കായി തേടിയെത്തിയ ഫ്‌ളക്‌സുകളും മധുരപലഹാരങ്ങളും അഭ്യുദയകാംക്ഷികളുടെ അനുമോദനങ്ങളും അവളുടെ ഉള്ളിനെ ഭയപ്പെടുത്തിയതുമാകാം.

ആരോരും കുറ്റം പറയാതിരുന്നിട്ടും വീട്ടില്‍ തനിച്ചിരുന്നപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് ഈ വിദ്യാര്‍ത്ഥിനി ചുറ്റും നടന്ന അമിത ആഘോഷങ്ങളെ ഭയന്നാണ്. ഈ ആഘോഷങ്ങളൊന്നും സ്വന്തമാക്കാനാകാതെപോയതിന്റെ നീറ്റലില്‍ ആത്മഹത്യ ചെയ്യുന്ന അവസാനത്തെ പെണ്‍കുട്ടിയായി ഭവ്യ മാറേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഇനി ഒരു പരീക്ഷാ കാലത്ത് ആത്മഹത്യയുടെ വാര്‍ത്തകള്‍ കോളങ്ങളില്‍ നിറയാതിരിക്കട്ടെ.

ഇതിനിടെ ഭവ്യയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നാട്ടുകാരനായ അനൂപ് ശിവശങ്കരന്‍ കുറിച്ച ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാവുകയാണ്. തന്റെ ഫേസ്ബുക്കിലൂടെ നിരന്തരം പറയാന്‍ ശ്രമിച്ചത് എത്ര അപകടകരമാണ് 100 മേനി വിജയങ്ങളും, ഫുള്‍ എ+ വിജയങ്ങളും, 96% ത്തില്‍ ഏറെ വരുന്ന സിബിഎസ്‌സിമാര്‍ക്കു ലിസ്റ്റ്കളുമൊക്കെ നവമാധ്യമങ്ങളിലൂടെ ഫോട്ടോ ഷെയര്‍ ചെയ്തും ഫ്‌ളക്‌സ് ബോര്‍ഡടിച്ചും പ്രചരിപ്പിക്കുന്നത് എന്ന് അനൂപ് സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നു. സ്വയം അഗ്നിക്കിരയാവാന്‍ ഈ മകളെ പ്രേരിപ്പിച്ചത് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹം പിന്തുടരുന്ന വികലമായ വിജയാഘോഷങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തീയെടുക്കേണ്ടത് ഈ ആചാരങ്ങളെയാണ്! ഫുള്‍ എ പ്ലസ് കൊണ്ട് ബ്ലൂ വെയില്‍ കളിക്കുന്നവരുടെ രോഗഗ്രസ്തമായ ചിന്തകളെയാണെന്ന് പറയുന്ന അനൂപ് ശിവശങ്കരന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഈ മകളോട് മാപ്പ് ചോദിച്ചാണ്.

അനൂപ് ശിവശങ്കരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കഠിന വേദനയോടെയാണീ കുറിപ്പ്. മണിക്കൂറുകള്‍ക്കു മുന്നേ സ്വയം കത്തിയമര്‍ന്ന ഈ പെണ്‍കുട്ടി എന്റെ നാട്ടുകാരിയാണ്. ഒരു വിഷയത്തില്‍ മാത്രം വിജയിക്കാന്‍ കഴിയാതെ പോയത് കൊണ്ട്, ജീവിതത്തിലെ എല്ലാ പരീക്ഷകളോടും സുല്ലിട്ടു പോയവള്‍!

കഴിഞ്ഞ 48 മണിക്കൂറായി എന്റെ ഫേസ്ബുക്കിലൂടെ നിരന്തരം പറയാന്‍ ശ്രമിച്ചത് എത്ര അപകടരമാണ് 100 മേനി വിജയങ്ങളും, ഫുള്‍ എ+ വിജയങ്ങളും, 96% ത്തില്‍ ഏറെ വരുന്ന CBSE മാര്‍ക്കു ലിസ്റ്റ്കളുമൊക്കെ നവമാധ്യമങ്ങളിലൂടെ ഫോട്ടോ ഷെയര്‍ ചെയ്തും ഫ്‌ളക്‌സ് ബോര്‍ഡടിച്ചും പ്രചരിപ്പിക്കുന്നത് എന്ന്. നമ്മുടെയൊക്കെ ഫ്രണ്ട്‌ലിസ്റ്റില്‍ ശരാശരിയിലും താഴെയായിപ്പോയ കുട്ടികളുണ്ട്, അവരുടെ കുടുംബങ്ങളുണ്ട്. മനുഷ്യസഹജമായ കാരണങ്ങളാല്‍ തോറ്റു പോവുന്നവരുണ്ട്. താരതമ്യം ചെയ്യരുതെന്ന് എത്ര ഉറക്കെ വിളിച്ചു പറഞ്ഞാലും സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം വിസ്മരിക്കേണ്ടി വന്നവരുണ്ട്!

നവമാധ്യമങ്ങളുടെ ഉപയോഗം വരുത്തിവെക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ അത്യന്തം സങ്കീര്‍ണ്ണമാണ് – പ്രത്യേകിച്ചും കൗമാരക്കാരില്‍. ലൈക്കുകളുടെ എണ്ണം പോലും കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിടുന്ന കാലത്തു പ്രാഥമികവിദ്യാഭ്യാസത്തിലെ ജയ-പരാജയങ്ങളെ ഇത്തരത്തില്‍ ആഘോഷിക്കേണ്ടതുണ്ടോ എന്ന് കേരളം ഗൗരവമായി ചിന്തിക്കേണ്ടതാണ്.

ഏറ്റവും ദുഖകരം ഈ മോളെ വീട്ടുകാരും അധ്യാപകരും ഒന്നും കുറ്റപ്പെടുത്തിയിട്ടില്ല എന്നതാണ്. സ്‌നേഹസമ്പന്നരായ വീട്ടുകാര്‍ അവര്‍ക്കാവും വിധം ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചവരാണ്. തളര്‍ന്നു പോവരുതെന്നു പറഞ്ഞു ആശ്ലേഷിച്ചവരാണ് അധ്യാപകര്‍. സ്വയം അഗ്‌നിക്കിരയാവാന്‍ ഈ മകളെ പ്രേരിപ്പിച്ചത് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹം പിന്തുടരുന്ന വികലമായ വിജയാഘോഷങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തീയെടുക്കേണ്ടത് ഈ ആചാരങ്ങളെയാണ്! ഫുള്‍ എ പ്ലസ് കൊണ്ട് ബ്ലൂ വെയില്‍ കളിക്കുന്നവരുടെ രോഗഗ്രസ്തമായ ചിന്തകളെയാണ്!

മകളേ – മാപ്പ്!

Exit mobile version