പത്തനംതിട്ട ജില്ലയില്‍ മുങ്ങി മരണം കൂടുന്നതായി റിപ്പോര്‍ട്ട്

പത്തനംതിട്ട: ജില്ലയിലെ നദികളില്‍ മുങ്ങി മരണം കൂടുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ബോധവല്‍കരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. 49 പേരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നദികളിലായി മുങ്ങി മരിച്ചതായി കണ്ടെത്തിയത്.

അതെ സമയം പ്രധാന നദികളായ പമ്പ, കല്ലടാര്‍, അച്ചന്‍കോവിലാര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മുങ്ങിമരണങ്ങള്‍ ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി ആളുകളാണ് ഈ വര്‍ഷം മുങ്ങിമരിച്ചത്. ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണക്കനുസരിച്ച് 2018 ജനുവരി മുതല്‍ 2019 ഏപ്രില്‍ വരെ 49 പേര്‍ മുങ്ങി മരിച്ചിട്ടുണ്ട്. 9 വയസ്സുള്ള കുട്ടി മുതല്‍ 83 വയസ് വരെ പ്രായമുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.

മരിച്ചവരില്‍ അധികവും നീന്തല്‍ അറിയാത്തവരാണ്. പമ്പാ നദിയില്‍ പെരിനാട്, വടശ്ശേരിക്കര, ആറന്മുള ഭാഗങ്ങളിലും അച്ചന്‍കോവിലാറ്റിലെ കോന്നി , വള്ളിക്കോട് , പ്രമാടം ഭാഗങ്ങളിലുമാണ് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടത്. കൂടാതെ കല്ലടയാറ്റിലെ വിവിധ മേഖലകളിലും മരണങ്ങളുണ്ടായി. നദികളിലെ അപകട മേഖലകള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും മരണങ്ങള്‍ ഇല്ലാതാക്കാനുമായി വിശദമായ പദ്ധതിയാണ് ജില്ലാ ഭരണകൂടം തയ്യാറാക്കുന്നത്. പ്രളയത്തിന് ശേഷമാണ് ജില്ലയില്‍ മുങ്ങിമരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത്. ഏഴുപേരായിരുന്നു പ്രളയത്തില്‍പ്പെട്ട് മരിച്ചത്.

Exit mobile version