പ്രണയത്തിന്റെ പേരില്‍ നേരിട്ടത് കൊടിയ പീഡനം; മര്‍ദ്ദിച്ചതിന്റേയും പൊള്ളിച്ചതിന്റേയും പാടുകള്‍ കാണിച്ച് കോടതിയില്‍ പൊട്ടിക്കരഞ്ഞ് നീനു

കെവിന്‍ വധക്കേസില്‍ വിചാരണയ്ക്കിടെ പൊട്ടിക്കരഞ്ഞ് അഞ്ചാം സാക്ഷിയും ഭാര്യയുമായ നീനു

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണയ്ക്കിടെ പൊട്ടിക്കരഞ്ഞ് അഞ്ചാം സാക്ഷിയും ഭാര്യയുമായ നീനു. കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയത് ദുരഭിമാനത്തിന്റെ പേരിലാണെന്നും പ്രണയത്തില്‍ നിന്നും പിന്മാറാനായി പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും ഭീഷണി മുഴക്കിയിരുന്നെന്നും നീനു കോടതിയില്‍ എത്തി മൊഴി നല്‍കി. തന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവുമാണ് കെവിന്റെ കൊലയ്ക്ക് പിന്നിലെന്നും നീനു കോടതിയില്‍ മൊഴി നല്‍കി. താഴ്ന്ന ജാതിക്കാരനായ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവും ബന്ധുവും ഭീഷണിമുഴക്കിയിരുന്നതായും നീനു വിസ്താരത്തില്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും നീനു പറഞ്ഞു. മര്‍ദനമേറ്റതിന്റെയും പൊള്ളലേല്‍പിച്ചതിന്റെയും പാടുകള്‍ കോടതിയില്‍ കാണിച്ച് പൊട്ടിക്കരഞ്ഞാണ് നീനു പിതാവിനും സഹോദരനുമെതിരെ മൊഴി നല്‍കിയത്.

കെവിനുമായി സ്‌നേഹത്തിലായിരുന്നെന്നും മറ്റൊരു വിവാഹം ആലോചിച്ചപ്പോഴാണ് താന്‍ വീടുവിട്ട് ഇറങ്ങിയതെന്നും നീനു കോടതിയില്‍ പറഞ്ഞു. കെവിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചാണ് വീടുവിട്ടത്. എന്നാല്‍ താഴ്ന്ന ജാതിക്കാരനായ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. കെവിനെയും തന്നെയും ഭീഷണിപ്പെടുത്തിയിരുന്നു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് പിതാവ് തന്നെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും കെവിനെ എസ്‌ഐ ഷിബു കഴുത്തിന് പിടിച്ച് തള്ളിയെന്നും നീനു മൊഴി നല്‍കി. പിതാവിനൊപ്പം പോകാനും എസ്‌ഐയും ആവശ്യപ്പട്ടെന്നും കെവിനെ കാണാതായപ്പോള്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി എസ്‌ഐയോട് പരാതിപ്പെട്ടപ്പോള്‍ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നാണ് എസ്‌ഐ ചോദിച്ചതായും നീനു പറഞ്ഞു.

തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് തന്റെ ബന്ധുവായ നിയാസിനെ ഫോണില്‍ വിളിച്ച് കെവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കെവിന്റെ ബന്ധു അനീഷ് സ്റ്റേഷനിലെത്തി നല്‍കിയ വിവരം അനുസരിച്ചാണ് നിയാസിനെ വിളിച്ചത്. എന്നാല്‍ നിയാസ് കൃത്യമായ മറുപടി നല്‍കിയില്ലെന്നും നീനു മൊഴി നല്‍കി. നീനുവിന്റെ സഹോദരന്‍ ഷാനു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ബിജുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ നിന്ന് ഷാനുവിന്റെ ശബ്ദം നീനു കോടതി മുമ്പാകെ തിരിച്ചറിഞ്ഞു.

Exit mobile version