കാസര്‍കോട് 110 ബൂത്തുകളില്‍ റീ പോളിങ് വേണം: ആവശ്യവുമായി കോണ്‍ഗ്രസ് കളക്ടര്‍ക്ക് മുന്നില്‍; ഗൗരവമേറിയതെന്ന് ടിക്കാറാം മീണ

കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ കടുത്ത നീക്കങ്ങളുമായി കോണ്‍ഗ്രസ്.

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ വ്യപകമായ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ കടുത്ത നീക്കങ്ങളുമായി കോണ്‍ഗ്രസ്. കാസര്‍കോട് മണ്ഡലത്തില്‍ 110 പോളിങ് ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ജില്ലാ കളക്ടറെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആരോപണം ഗുരുതരമെന്നും പരാതി ഗൗരവത്തോടെ കാണുന്നുവെന്നു പ്രതികരിച്ചു. നേരത്തെ, വിഷയത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരോട് തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

അതേസമയം, കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിലെ 171ാം ബൂത്തില്‍ കള്ളവോട്ട് നടന്നെന്ന പുതിയ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിലേത് കള്ളവോട്ട് അല്ലെന്നും ഓപ്പണ്‍ വോട്ട് ചെയ്തത് തെറ്റിദ്ധരിച്ചതാകാമെന്നും ഉള്ള റിപ്പോര്‍ട്ടിന് ഇടയിലാണ് കോണ്‍ഗ്രസ് പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കാസര്‍കോടും കള്ളവോട്ട് നടന്നതായുള്ള ആരോപണം ശക്തമാണ്.

Exit mobile version