മഴ ശക്തമാവുമ്പോള്‍ ഇവരുടെ നെഞ്ചില്‍ വേലിയേറ്റമാണ്; തിരമാലകള്‍ തങ്ങളുടെ വീട് വിഴുങ്ങുമോ എന്ന ഭയത്തില്‍ ചെല്ലാനംകാര്‍

കടല്‍ ക്ഷോഭിച്ചാല്‍ തങ്ങളുടെ വീട് തിരമാലകള്‍ വിഴുങ്ങുമെന്ന് ഭയത്തിലാണ് ഇവര്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്

കൊച്ചി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഫാനി’ ചുഴലിക്കാറ്റ് കാരണം കേരളത്തില്‍ കാറ്റും മഴയും ശക്തമാകുകയാണ്. ഇത്തരത്തില്‍ കാറ്റും മഴയും ശക്തമാവുമ്പോള്‍ എറണാകുളം ചെല്ലാനത്തെ തീരദേശവാസികളുടെ നെഞ്ചില്‍ ഭയത്തിന്റെ വേലിയേറ്റമാണ്. കടല്‍ ക്ഷോഭിച്ചാല്‍ തങ്ങളുടെ വീട് തിരമാലകള്‍ വിഴുങ്ങുമെന്ന് ഭയത്തിലാണ് ഇവര്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓഖിക്ക് ശേഷം അടിയന്തരമായി ജിയോട്യൂബ് നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനം നല്‍കിയെങ്കിലും
18 മാസങ്ങള്‍ പിന്നിടുമ്പോഴും 145 ജിയോ ട്യൂബിന്റെ സ്ഥാനത്ത് ചെല്ലാനത്തുയര്‍ന്നത് വെറും രണ്ടെണ്ണം മാത്രമാണ്.

അതേസമയം കടല്‍ ക്ഷോഭിച്ചാല്‍ ഇനി ക്യാമ്പുകളിലേക്കില്ലെന്നാണ് ചെല്ലാനംകാര്‍ ഉറപ്പിച്ച് പറയുന്നത്. കളക്ട്രേറ്റിലോ ആര്‍ഡി ഓഫിസിലേക്കോ പ്രതിഷേധമായി പോകുമെന്നും പിന്തിരിപ്പിക്കാന്‍ ആരും ഈ വഴി വരേണ്ടന്നും ചെല്ലാനംകാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മ്മാണം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യവുമായി ഇവര്‍ വീണ്ടും സമരമുഖത്തിറങ്ങിയിരിക്കുകയാണ്. കെഎല്‍സിഎയുടെ ആഭിമുഖ്യത്തില്‍ ജിയോട്യൂബിന് മുകളില്‍ കിടന്നായിരുന്നു ഇവരുടെ പ്രതിഷേധം.

അതേസമയം ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഇന്ന് മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ ഇന്നും നാളെയുംയെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version