വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് മാറിയെന്ന് യുവാവിന്റെ പരാതി; കള്ളവോട്ടിന് കേസെടുത്ത് പോലീസ്

താന്‍ അമര്‍ത്തിയ ചിഹ്നത്തില്‍ അല്ല വോട്ട് വീണതെന്ന് പരാതിപ്പെട്ട യുവാവിനെതിരെ കേസെടുത്ത് പോലീസ്.

കൊല്ലം: താന്‍ അമര്‍ത്തിയ ചിഹ്നത്തില്‍ അല്ല വോട്ട് വീണതെന്ന് പരാതിപ്പെട്ട യുവാവിനെതിരെ കേസെടുത്ത് പോലീസ്. കള്ളവോട്ട് രേഖപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ ചവറ നിയോജകമണ്ഡലത്തില്‍പ്പെട്ട വോട്ടറായ പന്മന പോരൂക്കര സ്വദേശി ഷംനാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പന്മന ചിറ്റൂര്‍ ഗവ. യുപി സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ താന്‍ രേഖപ്പെടുത്തിയ വോട്ട് മാറി പതിഞ്ഞുവെന്നാണ് യുവാവ് പരാതിപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്നാണ് ഷംനാദിനെതിരെ കേസെടുത്തത്. പ്രിസൈഡിംഗ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കേസ്. ചവറ പോലീസ് കസ്റ്റഡിയിലെടുത്ത ഷംനാദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് യന്ത്രത്തില്‍ കണ്ടതെന്നായിരുന്നു ഷംനാദിന്റെ പരാതി. ഇതോടെ രണ്ടാമതും വോട്ട് ചെയ്യാന്‍ യുവാവിന് അവസരമൊരുക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. എന്നാല്‍ രണ്ടാമത് വോട്ട് കൃത്യമായി തന്നെ രേഖപ്പെടുത്തിയതോടെ യുവാവ് പറഞ്ഞത് കള്ളമാണെന്ന് തെളിയുകയായിരുന്നു. വ്യാജപരാതി നല്‍കിയതാണെന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

Exit mobile version