ഫണ്ട് നല്‍കാത്തത് കെപിസിസി അല്ല; കുറ്റം പാലക്കാട് ഡിസിസിയുടെ തലയില്‍ ചാര്‍ത്തി മലക്കം മറിഞ്ഞ് വികെ ശ്രീകണ്ഠന്‍

ഫണ്ട് നല്‍കാത്തതിന് ഉത്തരവാദിത്വം കെപിസിസിക്ക് അല്ലെന്നും പാലക്കാട് ഡിസിസി പണം പിരിച്ച് നല്‍കാത്തതുകൊണ്ടാണ് കെപിസിസി വിഹിതം കിട്ടാതിരുന്നതെന്നും ശ്രീകണ്ഠന്‍ തന്റെ നിലപാട് തിരുത്തികൊണ്ട് പ്രതികരിച്ചു.

പാലക്കാട്: പാലക്കാട്ട് ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി ഫണ്ട് വേണ്ടവിധത്തില്‍ അനുവദിക്കുന്നതിനാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പിന്നില്‍ പോയെന്ന ആരോപണത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ മലക്കം മറിഞ്ഞു. ഫണ്ട് നല്‍കാത്തതിന് ഉത്തരവാദിത്വം കെപിസിസിക്ക് അല്ലെന്നും പാലക്കാട് ഡിസിസി പണം പിരിച്ച് നല്‍കാത്തതുകൊണ്ടാണ് കെപിസിസി വിഹിതം കിട്ടാതിരുന്നതെന്നും ശ്രീകണ്ഠന്‍ തന്റെ നിലപാട് തിരുത്തികൊണ്ട് പ്രതികരിച്ചു.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ ജയ് ഹോ പദയാത്ര നടത്തിയിരുന്നെന്നും ഇതിനു വേണ്ടി അന്ന് പണം പിരിച്ചിരുന്നതിനാല്‍ പിന്നീട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ഫണ്ട് സമാഹരിച്ചിരുന്നില്ലെന്നും വികെ ശ്രീകണ്ഠന്‍ വെളിപ്പെടുത്തുന്നു. ഫണ്ട് സമാഹരിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഡിസിസിക്ക് ആവശ്യമായ വിഹിതം കൊടുക്കാനായില്ല. താഴെ തട്ടില്‍നിന്ന് കൊടുത്താലേ മുകളില്‍നിന്ന് കിട്ടൂ എന്നും കെപിസിസി വിവേചനം കാണിച്ചിട്ടില്ലെന്നും ശ്രീകണ്ഠന്‍ വിശദീകരിച്ചു.

നേരത്തെ, പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്നിലാകാന്‍ കാരണം കെപിസിസി പിരിച്ച ഫണ്ടിന്റെ വിഹിതം തരാത്തതാണെന്ന് ആയിരുന്നു വികെ ശ്രീകണ്ഠന്‍ ആദ്യം ആരോപിച്ചിരുന്നത്. ഇത് വലിയ വിവാദമായതോടെ നിലപാടില്‍ മലക്കം മറിഞ്ഞ് രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചെന്നും വോട്ടെണ്ണിക്കഴിഞ്ഞാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.

Exit mobile version