വോട്ടിങ് യന്ത്ര തകരാര്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ബിജെപി സ്വാധീനമുള്ള തിരുവനന്തപുരത്തും പത്തനംതിട്ടയിലും! ഇത് ആസൂത്രിതമെന്ന സംശയമുന്നയിച്ച് സോഷ്യല്‍ മീഡിയ

ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഇത്തരമൊരു തകരാര്‍ ആസൂത്രിതമാണോയെന്ന സംശയമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് യന്ത്രതകരാര്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബിജെപി സ്വാധീനമുള്ള തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലാണെന്ന് ആരോപണം. ഇവിടെയുള്ള വോട്ടിങ് യന്ത്രത്തിന് എതിരെ ഉയരുന്ന പരാതികളില്‍ ഏറെയും ഏത് ചിഹ്നത്തില്‍ കുത്തിയാലും ബിജെപിക്കു വോട്ടുവീഴുന്നു എന്നതായിരുന്നു.

ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഇത്തരമൊരു തകരാര്‍ ആസൂത്രിതമാണോയെന്ന സംശയമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. ഇത്തരമൊരു സംശയം തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ ശശി തരൂര്‍ ഉന്നയിച്ചിരുന്നു.

‘യന്ത്രങ്ങള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, എന്ത് തകരാര്‍ വന്നാലും എപ്പോഴും താമരമാത്രം തെളിയുന്നത് എങ്ങനെയാണ്’ എന്നാണ് ശശി തരൂര്‍ ചോദിച്ചത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ കോവളം ചൊവ്വരയിലെ 151ാം നമ്പര്‍ ബൂത്തില്‍ നിന്നാണ് ഇത്തരമൊരു പരാതി ആദ്യം ഉയര്‍ന്നത്. കൈപ്പത്തിക്ക് വോട്ടു ചെയ്യുമ്പോള്‍ താമരയ്ക്ക് പോകുന്നുവെന്നായിരുന്നു ഇവിടെ ഉയര്‍ന്ന പരാതി.

തിരുവനന്തപുരം പട്ടത്തെ 151ാം നമ്പര്‍ ബൂത്തിലെ എബിന്‍ എന്ന വോട്ടറും സമാനമായ പരാതി ഉന്നയിച്ചിരുന്നു. താന്‍ ഒരുപാര്‍ട്ടിക്ക് വോട്ടു ചെയ്തു. എന്നാല്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടത് മറ്റൊരു പാര്‍ട്ടിക്കാണെന്നായിരുന്നു എബിന്റെ പരാതി. പത്തനംതിട്ടയില്‍ നിന്നും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

അടുത്തകാലത്തു നടന്ന തെരഞ്ഞെടുപ്പുകളില്‍ ഉത്തരേന്ത്യയില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബിഎസ്പി നേതാവ് മായാവതി, എഎപി നേതാവ് അരവിന്ദ് കെജരിവാള്‍, ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് ബിജെപി അത് നിഷേധിക്കുകയാണ് ചെയ്തത്. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്താനാവില്ലെന്ന നിലപാടാണ് ബിജെപി ആ അവസരങ്ങളില്‍ സ്വീകരിച്ചത്.

Exit mobile version