ഇവിഎം തകരാറുകള്‍ക്ക് പിന്നില്‍ ബിജെപി, വോട്ടെടുപ്പ് തടസപ്പെട്ട 55 ബൂത്തുകളില്‍ പോളിങ് റദ്ദാക്കണമെന്ന് ആര്‍ജെഡി

പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇവിഎം തകരാറുകള്‍ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയുമാണെന്ന് ആര്‍ജെഡി. ഇവിഎം തകരാറുകള്‍ കാരണം വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ പോളിങ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജമുയിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി വിജയ് പ്രകാശ് രംഗത്തെത്തി.

55 പോളിങ് ബൂത്തുകളില്‍ ഇവിഎം തുടര്‍ച്ചയായി പണിമുടക്കിയിട്ടുണ്ട്. ഈ മെഷിനുകളെല്ലാം മാറ്റിയിട്ടും കാര്യക്ഷമമായില്ലെന്നും വിജയ് പ്രകാശ് പറഞ്ഞു. വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ തന്നെ ചില മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് തകരാറുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

16 ജില്ലകളിലായി 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് ആരംഭിച്ചത്. കൊവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പോളിങ് ആണ് ബീഹാറിലേത്. മൊത്തം 1,066 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്, 31,371 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

2,14,84,787 വോട്ടര്‍മാര്‍ ആണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1,13,51,754 പേര്‍ പുരുഷന്മാരും 1,01,32,434 പേര്‍ സ്ത്രീകളും 599 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്.ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ചെറിയ നിയോജകമണ്ഡലം ഷെയ്ഖ്പുര ജില്ലയിലെ ബാര്‍ബിഗയാണ്. ഏറ്റവും വലുത് നവഡ ജില്ലയിലെ ഹിസുവയുമാണ്.

Exit mobile version