ബിഹാറിലെ വിജയത്തിന് കാരണമായ അതേ തന്ത്രം ഹൈദരാബാദിലും പയറ്റാൻ ബിജെപി; വിജയശിൽപിയെ എത്തിച്ച് പ്രചാരണം

ഹൈദരാബാദ്: ബിഹാറിൽ എൻഡിഎ ഭരണം നിലനിർത്തുകയും ബിജെപിക്ക് വൻമുന്നേറ്റമുണ്ടാകുകയും ചെയ്തതോടെ സമാനമായ തന്ത്രം ഹൈദരാബാദിലും പയറ്റാൻ ബിജെപി. തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പിൽ മുമ്പ് പലതവണ തോറ്റ ദുബ്ബാക്ക നിയമസഭാ മണ്ഡലത്തിൽ അട്ടിമറി ജയം നേടുകയും ചെയ്തതോടെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണ് ബിജെപിക്ക്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.

വിജയം മാത്രം പ്രതീക്ഷിക്കുന്ന പാർട്ടി ബിഹാറിൽ എൻഡിഎയുടെ വിജയത്തിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകിയ ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവിനോട് ഹൈദരാബാദിലെത്താൻ നിർദേശിച്ചിരിക്കുകയാണ്. ബിജെപിയുടെ ബിഹാർ ചുമതല വഹിക്കുന്ന ഭൂപേന്ദ്രർ യാദവ് രാജ്യസഭാ അംഗമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിഹാറിൽ ബിജെപിക്ക് 74 സീറ്റുകൾ പിടിക്കാനായിരുന്നു.

ബിജെപി ഇപ്പോൾ ഭൂപേന്ദർ യാദവടക്കമുള്ള ജിഎച്ച്എംസി തെരഞ്ഞെടുപ്പ് നിരീക്ഷകസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര ബിജെപി നേതാവ് ആശിഷ് ഷെലാർ, ഗുജറാത്തിൽ നിന്നുള്ള നേതാവ് പ്രദീപ് സിങ് വഘേല, കർണാടക എംഎൽഎ സതീഷ് റെഡ്ഡി തുടങ്ങിയ 23 അംഗങ്ങളേയാണ് ബിജെപി സംഘത്തിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version