തന്ന വാക്ക് മാറ്റി മോഡി; രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്നും പിന്മാറി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്ന വാക്ക് മാറ്റി മോഡി സര്‍ക്കാര്‍. രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയിരിക്കുകയാണ്. പൗരന്‍മാര്‍ക്ക് എല്ലാം വാക്സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി പറഞ്ഞത്.

ഇന്ന് മാധ്യമങ്ങളോടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇക്കാര്യം പറഞ്ഞത്. ”കൊവിഡ് വാക്സിന്‍ ലഭ്യമായാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കും. ആരെയും പിന്നോട്ട് നിര്‍ത്തില്ല. ഓരോ പൗരനും വാക്സിന്‍ നല്‍കുക എന്നത് രാജ്യത്തിന്റെ കടമയാണ്.” എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്.

ഒക്ടോബര്‍ 29നായിരുന്നു മോഡി ഈ കാര്യം പറഞ്ഞത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയിലും മോദി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനത്തില്‍ നിന്നാണ് ഇന്ന് ആരോഗ്യമന്ത്രാലയം വ്യതിചലിച്ചത്.

”രാജ്യം മുഴുവന്‍ കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഒരിക്കലും സംസാരിച്ചിട്ടില്ല. വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍മാത്രം ഇത്തരം ശാസ്ത്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതു പ്രധാനമാണ്.” രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ബിഹാറില്‍ വിജയിച്ചാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി അവകാശപ്പെട്ടിരുന്നത്. ബിജെപിയുടെ വാക്സിന്‍ വാഗ്ദാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. കൊവിഡ് വാക്സിന്‍ തെരഞ്ഞെടുപ്പിനുള്ള ഉപാധിയാക്കുന്നതിനെതിരെ സോഷ്യല്‍മീഡിയയും നിരവധി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിരുന്നു.

Exit mobile version